മലപ്പുറം: ദുരൂഹ സാഹചര്യത്തിൽ ഗുരുതര പരിക്കുകളോടെ അജ്ഞാതർ പെരിന്തൽമണ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട്, സംഭവത്തില്‍ ഏഴ് പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിലെ പ്രധാന പ്രതിയെന്ന് കരുതപ്പെടുന്ന യഹിയയുമായി ബന്ധമുള്ളയാളുകളാണ് കസ്റ്റഡിലായത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എന്നാല്‍ യഹിയയെ പിടികിട്ടിയിട്ടില്ല. മരിച്ച അബ്ദുള്‍ ജലീലിനെ ആശുപത്രിയിലെത്തിച്ച് യഹിയ മുങ്ങുകയായിരുന്നു. ചിലരെ തിരിച്ചറിഞ്ഞുവെന്ന് പോലീസ് നേരത്തെ സൂചന നൽകിയിരുന്നു. പെരിന്തൽമണ്ണയിൽ പ്രവാസിയെ ആശുപത്രിയിൽ എത്തിച്ചത് യഹിയ എന്ന ആളാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ അടിമുടി ദുരൂഹത നിലനിൽക്കുകയാണ്. ജിദ്ദയില്‍ നിന്നെത്തിയ അഗളി സ്വദേശി അബ്ദുൽ ജലീല്‍(42) ആണ് കഴിഞ്ഞ ദിവസം ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. സ്വര്‍ണക്കടത്ത് സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലിസ് പറയുന്നത്. മൃതദേഹത്തില്‍ കത്തി കൊണ്ട് വരഞ്ഞ പാടുണ്ട്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇരു വൃക്കകളും തകരാറിലായ അവസ്ഥയിലായിരുന്നു മൃതദേഹം.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അബ്ദുൽ ജലീല്‍ വ്യാഴാഴ്ച രാത്രി പന്ത്രണ്ടേകാലോടെയാണ് മരിച്ചത്. രാവിലെ 7.20-ഓടെ മേലാറ്റൂർ സ്റ്റേഷൻ പരിധിയിലെ ആക്കപ്പറമ്പിൽ റോഡരികിൽ പരിക്കേറ്റു കിടക്കുകയായിരുന്നു എന്നുപറഞ്ഞാണ് ഒരാൾ ആശുപത്രിയിലെത്തിച്ചത്.
പിന്നാലെ അബ്ദുൾജലീലിന്റെ ഭാര്യയെ ഫോണിൽ വിളിച്ചറിയിച്ചു. കൊണ്ടുവന്നയാളെ അതിനുശേഷം കാണാതായി. ആശുപത്രിയിൽ നിന്നുള്ള വിവരത്തെ തുടർന്ന് പെരിന്തൽമണ്ണ ഡിവൈ.എസ്.പി.യുടെ മേൽനോട്ടത്തിൽ മേലാറ്റൂർ, പെരിന്തൽമണ്ണ പോലീസ് സംഘങ്ങൾ ആണ് അന്വേഷണം നടത്തുന്നത്.
അബ്ദുൾജലീലിന്റെ ബന്ധുക്കൾ പറയുന്നത്: സഊദിയിലെ ജിദ്ദയിൽ പത്തു വർഷത്തോളമായി ഹൗസ് ഡ്രൈവറായി ജോലിചെയ്യുന്ന അബ്ദുൾജലീൽ രണ്ടുവർഷം മുൻപാണ് നാട്ടിൽ വന്നുപോയത്. സ്പോൺസർ എടുത്തുനൽകിയ ടിക്കറ്റിൽ രണ്ടുമാസം മുൻപേ നാട്ടിലെത്താൻ തീരുമാനിച്ചിരുന്നു.
15-ന് രാവിലെ നെടുമ്പാശ്ശേരിയിൽ എത്തി. വിമാനമിറങ്ങിയശേഷം ഭാര്യയെയും സൗദിയിലുള്ള ബന്ധുവിനെയും വിളിച്ച് നാട്ടിലെത്തിയ വിവരം അറിയിച്ചു. സ്വീകരിക്കാൻ വരികയായിരുന്ന ഭാര്യയോടും ഉമ്മയോടും പെരിന്തൽമണ്ണയിൽ വന്നാൽ മതിയെന്നും കൂട്ടുകാരനൊപ്പം അവിടെ എത്തിക്കോളാമെന്നും പറഞ്ഞു. വൈകീട്ട് പെരിന്തൽമണ്ണിയിൽ എത്തിയതായി വിളിച്ചുപറഞ്ഞു. മണ്ണാർക്കാട് എത്തിയ വീട്ടുകാരോട് മടങ്ങാനും കുറച്ചു വൈകി വീട്ടിലെത്താമെന്നും അറിയിച്ചിരുന്നു.
വീട്ടിലെത്താതിരുന്നതോടെ പിറ്റേന്ന് ബന്ധുക്കൾ അഗളി പോലീസിൽ പരാതി നൽകി. എന്നാൽ ബന്ധപ്പെടുന്നുണ്ടല്ലോയെന്നും ആളെത്തുമോയെന്നു നോക്കാമെന്നും പറഞ്ഞ പോലീസ് കേസടുക്കാതെ വിട്ടു. പിറ്റേന്ന് വീട്ടുകാർ അങ്ങോട്ടുവിളിച്ച് പരാതിനൽകിയ കാര്യം പറഞ്ഞപ്പോൾ അത് പിൻവലിക്കാനും അടുത്തദിവസം വീട്ടിലെത്തുമെന്നും ജലീൽ അറിയിച്ചു. പിന്നീട് വിവരമൊന്നുമുണ്ടായില്ല.
വ്യാഴാഴ്ച രാവിലെ ജലീലിനെ ആശുപത്രിയിലെത്തിച്ച കാര്യം അജ്ഞാതൻ നെറ്റ് കോളിലാണ് വീട്ടുകാരെ അറിയിച്ചത്. ആശുപത്രിയിലെത്തിച്ച ആൾതന്നെയാണ് അറിയിച്ചതെന്നാണു കരുതുന്നത്.
സുഹൃത്തുക്കൾക്ക് ഒപ്പം വീട്ടിൽ എത്താം എന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു.എന്നാൽ ജലീലിനെ കാണാതെ ആയതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.തൊട്ടുപിന്നാലെ ജലീൽ വീട്ടിലേക്ക് വിളിച്ചു. പരാതി പിൻവലിപ്പിച്ചു. അടുത്ത ദിവസം വീട്ടിൽ എത്താം എന്നും പറഞ്ഞുവെങ്കിലും തിരിച്ചെത്തിയില്ല