പ്രവാസ ലോകത്ത് നിന്ന് അശ്ലീല ഫോണ്‍വിളി; വിമാനമിറങ്ങിയതിന് പിന്നാലെ യുവാവ് പിടിയില്‍

0
8615

കരിപ്പൂർ: ഓൺലൈൻ ക്ലാസെടുക്കുന്ന അധ്യാപകനെന്ന വ്യാജേന വിദ്യാർഥിനിയെ ഫോണിൽ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയ പ്രവാസി യുവാവ് പിടിയിൽ. പുലാമന്തോൾ ചെമ്മലശ്ശേരി സ്വദേശി അബ്ദുൾ മനാഫി(44)നെയാണ് ചങ്ങരംകുളം സി.ഐ. ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് പിടികൂടിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരുവർഷം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ചങ്ങരംകുളം പോലീസ് സ്റ്റേഷൻ പരിധിയിലെ ഏഴാംക്ലാസ് വിദ്യാർഥിനിയെയാണ് പ്രതി അധ്യാപകനെന്ന വ്യാജേനേ ഫോണിൽ വിളിച്ചിരുന്നത്. വിദ്യാർഥിനിയുടെ വീട്ടിൽ വിളിച്ച് കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകനെന്ന് പരിചയപ്പെടുത്തുകയും പഠനത്തിൽ പിറകിലായ കുട്ടിക്ക് പ്രത്യേകം ക്ലാസെടുക്കാനാണ് വിളിക്കുന്നതെന്ന് പറയുകയും ചെയ്തിരുന്നു. തുടർന്ന് കുട്ടിയോട് വാതിൽ അടച്ചിട്ട് മുറിയിൽ കയറാൻ പറയുകയും അശ്ലീലച്ചുവയിൽ സംസാരിക്കുകയും ചെയ്തു.

ഇത്തരം സംഭാഷണം തുടർന്നതോടെ കുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. മാതാപിതാക്കൾ സ്കൂൾ അധികൃതരെ ബന്ധപ്പെട്ടപ്പോളാണ് അധ്യാപകർ ഇത്തരത്തിൽ ഓൺലൈൻ ക്ലാസെടുക്കുന്നില്ലെന്ന് വ്യക്തമായത്. ഇതോടെ കുട്ടിയുടെ മാതാപിതാക്കളും സ്കൂൾ അധികൃതരും ചങ്ങരംകുളം പോലീസിൽ പരാതി നൽകുകയായിരുന്നു.

അന്വേഷണം വൈകിയതോടെ മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്കും ഇവർ പരാതി നൽകിയിരുന്നു. ഇതോടെയാണ് മലപ്പുറം എസ്.പി.യുടെ നിർദേശപ്രകാരം മലപ്പുറം സൈബർ എസ്.ഐ.യുടെ നേതൃത്വത്തിൽ സൈബർ ഡോമിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഇന്റർനെറ്റ് കോളിലൂടെയാണ് വിദ്യാർഥിനിയെ വിളിച്ചതെന്ന് കണ്ടെത്തുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തു.


വിദേശത്തായിരുന്ന പ്രതിക്കെതിരേ പോലീസ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. ഇതേത്തുടർന്നാണ് കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ പ്രതിയെ അധികൃതർ തടഞ്ഞുവെച്ചത്. തുടർന്ന് ചങ്ങരംകുളം എസ്.ഐ. ഖാലിദ്, സിപിഒ ഭാഗ്യരാജ് എന്നിവരടങ്ങുന്ന സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിയിലായ പ്രതി പാലക്കാട് ജില്ലാ സൈബർ പോലീസിലും സമാനമായ കേസിൽ പ്രതിയാണെന്ന് അന്വേഷണസംഘം പറഞ്ഞു. പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.