ജനാധിപത്യ ഇന്ത്യയിൽ മുസ്‌ലിം ലീഗിന്റെ പങ്ക് പ്രസക്തം: അഡ്വ. പി. എം. എ സലാം

ജിദ്ദ: ജനാധിപത്യ മതേതരത്വ ഇന്ത്യയിൽ മുസ്‌ലിം ന്യൂനപക്ഷ സമുദായം ഇന്നോളം അനുഭവിക്കാത്ത അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും മുൻപൊന്നു മില്ലാത്തവിധം അക്രമവും പീഡനവുമാണ് ദളിത് – മുസ്‌ലിം ന്യൂനപക്ഷങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്നും ഇതിനെതിരെ പ്രതികരിക്കുവാനും ശക്തമായ ഇടപെടലുകൾ നടത്തുവാനും നിയമ നടപടികൾ കൈക്കൊള്ളുവാനും മുസ്‌ലിം ലീഗ് മാത്രമേയുള്ളൂ എന്നും ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം എ സലാം പ്രസ്താവിച്ചു. ഉംറ നിർവഹിക്കാൻ എത്തിയ അദ്ദേഹത്തിനു ജിദ്ദ – തിരൂരങ്ങാടി മുസ്‌ലിം വെൽഫെയർ ലീഗും തിരൂരങ്ങാടി മണ്ഡലം, മുൻസിപ്പൽ – പഞ്ചായത്ത് കെ.എം.സി.സികളും ഷറഫിയ്യ ഇമ്പിരിയൽ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ സംയുക്തമായി നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽപോലും മതേതരത്വ സ്വഭാവം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ദളിത് – മുസ്‌ലിം പിന്നോക്കാവസ്ഥയെ കൂടുതൽ ദുരിതക്കയത്തിലേക്ക് തള്ളി വിടുന്ന സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളത്. മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കു മാത്രമല്ല കേരളത്തിലെ എല്ലാ അവാന്തര വിഭാഗങ്ങളുടെയും ഉറക്കവും സമാധാനവും നഷ്ടപ്പെടുത്തുന്ന സർക്കാരാണ് നിലവിലുള്ളത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കെ റെയിൽ പദ്ധതി. സ്വന്തം പാർട്ടിക്കാർ പോലും നഖശിഖാന്തം എതിർത്തു വരുന്നതും അപ്രായോഗികമായ ഈ പദ്ധതി ജനങ്ങൾ ഒറ്റക്കെട്ടായി നേരിടുന്ന കാഴ്ചയാണ് നാം കാണുന്നത്. കെ റെയിലിന് വേണ്ടി കല്ല് ഇടുന്നത് തൽക്കാലം നിർത്തി വെക്കേണ്ടിവന്നത് ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. യുഡിഎഫും മുസ്‌ലിം ലീഗും ഇതിനെ ഒറ്റക്കെട്ടായി നേരിടും.

വഖഫ് ബോർഡ് വിഷയത്തിൽ മുസ്‌ലിം പിന്നാക്കം പോയിട്ടില്ല. ശക്തമായ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ടു പോകും. ഭാഷാ സമരത്തിൽ മുസ്‌ലിം ലീഗ് നടത്തിയ പോരാട്ടം കേരള ജനത കണ്ടതാണ്. അതിനെ ലക്ഷ്യത്തിൽ എത്തിക്കുവാൻ മുസ്‌ലിം ലീഗിന് സാധിക്കുകയും ചെയ്തു. ഇതര ന്യൂനപക്ഷ സമുദായങ്ങളുടെ ഒരു അവകാശവും ലീഗ് കവർന്നെടുക്കില്ല. എന്നാൽ മുസ്‌ലിം സമുദായത്തിന് അവകാശപ്പെട്ട നീതിയും ന്യായവുമായ കാര്യങ്ങളിൽ ഒരു മുടിനാരിഴ വിട്ടു കൊടുക്കുവാനും ലീഗ് തയ്യാറല്ലെന്ന് സദസ്സിലെ നിറഞ്ഞ കയ്യടിക്ക്‌ മുന്നിൽ സലാം വ്യക്തമാക്കി.

പിന്നോക്ക ന്യൂനപക്ഷ പ്രീണനത്തിലൂടെയാണ് സർക്കാർ മുന്നേറാൻ ശ്രമിക്കുന്നത്. അതിൽ അവർ ഒരു പരിധി വരെ വിജയം വരിക്കുകയും ചെയ്തിട്ടുണ്ട്. അവരെ തൃപ്തിപ്പെടുത്താൻ അവിഹിത മാർഗം കണ്ടെത്തുകയും ഹൈന്ദവ- മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ വിള്ളൽ ഉണ്ടാക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് തൃക്കാക്കരയിൽ സിപിഎം നിശ്ചയിച്ച ആദ്യത്തെ സ്ഥാനാർത്ഥിയെ മാറ്റി പകരം ക്രിസ്തീയ വിഭാഗത്തിൽപ്പെട്ട ആളെ നിശ്ചയിച്ചത്. വർഷങ്ങളോളമായി ജനസംഖ്യാടിസ്ഥാനത്തിൽ മുസ്‌ലിംകൾക്ക് ലഭിച്ചുകൊണ്ടിരുന്ന ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ അനുപാതം കുറച്ചതും വഖഫ് ബോർഡ് നിയമനം പി എസ് സി ക്ക്‌ വിടാൻ തീരുമാനിച്ചതും. എന്നാൽ ദേവസ്വം ബോർഡിനെ ഇതിൽ നിന്നെല്ലാം സ്വതന്ത്രമാക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയങ്ങൾക്കെതിരെ മുസ്‌ലിം ലീഗ് പോരാട്ടം തുടരും. ലീഗിനെ സ്ഥാനത്തും അസ്ഥാനത്തും വിമർശിക്കുന്നവർ മനസ്സിലാക്കേണ്ടത് ഒരു ജനതക്കുമേൽ നിരന്തരമായ നീതിനിഷേധവും അക്രമവും അന്യായവും നടക്കുമ്പോൾ അതിനെതിരെ നിയമസഭയിലും പാർലമെന്റിലും ന്യൂനപക്ഷങ്ങളുടെ
ശബ്ദമെത്തിക്കാൻ മുസ്‌ലിം ലീഗ് മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും സലാം വ്യക്തമാക്കി.

പരിപാടിയിൽ സീതി കൊളക്കാടൻ അധ്യക്ഷത വഹിച്ചു. ജിദ്ദ കെ എം സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പരപ്പനങ്ങാടി മുൻസിപ്പാലിറ്റിക്കുവേണ്ടി റബീയയും തിരൂരങ്ങാടി മുനിസിപ്പാലിറ്റിക്കുവേണ്ടി ജാഫർ വെന്നിയൂരും നന്നമ്പ്ര പഞ്ചായത്തിന് വേണ്ടി സുഹൈൽ എം സി യും തെന്നല പഞ്ചായത്തിനു വേണ്ടി മുഹമ്മദ് റാഫിയും എടരിക്കോട് പഞ്ചായത്തിനു വേണ്ടി റസാക്കും പെരുമണ്ണ-ക്ലാരി പഞ്ചായത്തിന് വേണ്ടി സമീറും പി എം എ സലാമിനെ പൊന്നാട അണിയിച്ചു. ജിദ്ദ കെ എം സി സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് വി. പി മുസ്തഫ, ഇസ്ഹാഖ് , സുഹൈൽ പി.കെ, ഉനൈസ് കരിമ്പിൽ, എം.സി കുഞ്ഞുട്ടി, അഫ്സൽ വി. പി, അഷ്റഫ് താഴെക്കോട്, കെ. കെ മുസ്തഫ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

താപ്പി മൂഹിയുദ്ധീൻ ഖിറാഅത് നടത്തി. എം. പി അബ്ദു റഊഫ് സ്വാഗതവും പൊറ്റയിൽ അബ്ദുസമദ് നന്ദിയും പറഞ്ഞു