എ.പി അബ്ദുല്ലക്കുട്ടിയുടെ യോഗം ജിദ്ദയിലെ സംഘടനകൾ ബഹിഷ്കരിച്ചു

0
9723

ജിദ്ദ: കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയർമാൻ എ.പി അബ്ദുല്ലക്കുട്ടി ജിദ്ദയിൽ വിവിധ സംഘടനാ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി വിളിച്ചു ചേർത്ത യോഗം സംഘടനകൾ ബഹിഷ്കരിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കെ.എം.സി.സി, നവോദയ, ഒ.ഐ.സി.സി, ഹജ്ജ് വെൽഫെയർ ഫോറം തുടങ്ങിയ പ്രമുഖ സംഘടനകളാണ് ബഹിഷ്കരിച്ചത്. ഈ സംഘടനകൾക്കെല്ലാം യോഗത്തിലേക്ക് ക്ഷണം ഉണ്ടായിരുന്നുവെങ്കിലും പങ്കെടുക്കുന്നില്ല എന്ന തീരുമാനം സംഘടനകൾ കൈകൊള്ളുകയായിരുന്നു.

അബ്ദുല്ലക്കുട്ടിക്ക് വേണ്ടി ബി.ജെ.പി പോഷക സംഘടനയായ ഇന്ത്യൻ ഓവർസീസ് ഫോറം (ഐ.ഒ.എഫ്) ആണ് സംഘടനകൾക്ക് ക്ഷണക്കത്ത് അയച്ചത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി അബ്ദുല്ലക്കുട്ടിക്ക് സ്വീകരണം നൽകാനും ഈ വർഷത്തെ ഹജ്ജിനായി ഇന്ത്യൻ ഹാജിമാരുടെ ഒരുക്കങ്ങൾ വിശകലനം ചെയ്യുന്നതിനും ജിദ്ദയിലുള്ള സംഘടനാ ഭാരവാഹികളുമായി അദ്ദേഹം ചർച്ച നടത്താൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു ഐ.ഒ.എഫ് സന്ദേശം.

എന്നാൽ, ഇന്ത്യൻ കോൺസുലേറ്റോ കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയർമാൻ എന്ന നിലക്ക് എ.പി അബ്ദുല്ലക്കുട്ടിയോ നേരിട്ട് വിളിക്കാതെ ഔദ്യോഗിക യോഗത്തിന് ഐ.ഒ.എഫ് എന്ന സംഘടന ക്ഷണിച്ചാൽ പങ്കെടുക്കേണ്ടതില്ലെന്ന നിലപാടാണ് ജിദ്ദയിലെ സംഘടനകൾ സ്വീകരിച്ചത്. ഈ രീതി പതിവിന് വിരുദ്ധമാണെന്നും സംഘടനകൾ കുറ്റപ്പെടുത്തി. സാധാരണയായി ഇന്ത്യൻ കോണ്സുലേറ്റാണ് ഇത്തരം യോഗം വിളിക്കാറുള്ളതെന്നും, വിവിധ സംഘടനകൾ വ്യക്തമാക്കി.