റിയാദ്: വിവിധ തൊഴില്‍ പ്രശ്‌നങ്ങളില്‍പ്പെട്ട് നാട്ടില്‍ പോകാന്‍ കഴിയാതെ സൗദിയില്‍ കുടുങ്ങിക്കിടക്കുന്നതിനിടയില്‍ മരണപ്പെട്ട ബീഹാര്‍ സ്വദേശി മുഷ്താഖ് അഹമ്മദിന്റെ മൃതദേഹം മലയാളി സാമൂഹികപ്രവര്‍ത്തകര്‍ നാട്ടിലെത്തിച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) ആണ് ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരമെങ്കിലും കാണണമെന്നുള്ള ഭാര്യടെ ആഗ്രഹം സഫലീകരിച്ച് കൊടുത്തത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
18 വര്‍ഷം മുമ്പാണ് മുഷ്താഖ് സഊദിയിലെത്തിയത്. സഊദിയുടെ വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത കമ്പനികളില്‍ തുച്ഛമായ വേതനത്തിന് ജോലിചെയ്ത് കിട്ടുന്ന ശമ്പളം മാതാപിതാക്കളും സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിന്റെ വിശപ്പ് മാറ്റാനും നിത്യചെലവിനുമായി അയച്ചുകൊടുത്തിരുന്നു. പിന്നീട് മുഷ്താഖ് അഹമ്മദിന് ജോലി നഷ്ടപ്പെട്ടു. വര്‍ഷങ്ങളോളം ജോലിയും ശമ്പളവുമില്ലായിരുന്നു. നാലുവര്‍ഷമായി നാട്ടില്‍ പോകാനും കഴിഞ്ഞില്ല. ഇതിനിടയിലാണ് ഹൃദയ-ശ്വാസകോശ സംബന്ധിയായ അസുഖങ്ങള്‍ ബാധിക്കുന്നത്. ഏപ്രില്‍ നാലിന് ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെട്ടു. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബം ഇതോടെ നിരാലംബമായി.
ഐ.സി.എഫ് യു.എ.ഇ ക്ഷേമകാര്യ സമിതി ഭാരവാഹി അബ്ദുല്‍കരിം തളങ്കര സഊദി നാഷനല്‍ സംഘടന സമിതി പ്രസിഡന്റ് നിസാര്‍ കാട്ടിലിനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഐ.സി.എഫ് ഈ വിഷയത്തില്‍ ഇടപെട്ടത്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെതുടര്‍ന്ന് മദീനയിലുള്ള ബന്ധുവിന്റെ സഹായത്തോടെ സ്‌പോണ്‍സര്‍മായും നാട്ടിലെ അവകാശികളുമായും ബന്ധപ്പെട്ടു.
നാലു വര്‍ഷത്തിലധികമായി കാത്തിരിക്കുന്ന പ്രിയതമന്റെ മൃതദേഹം എങ്കിലും അവസാനമായി ഒന്ന് കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ച മുഷ്താഖ് അഹ്മദിന്റെ ഭാര്യയുടെ ആവശ്യം മുന്‍നിര്‍ത്തി നാട്ടില്‍ അയക്കാന്‍ ആവശ്യമായ നടപടികള്‍ ഐ.സി.എഫ് കൈക്കൊള്ളുകയായിരുന്നു. കഴിഞ്ഞദിവസം ലക്‌നോവിലേയ്ക്ക് ഇന്‍ഡിഗോ വിമാനത്തില്‍ മൃതദേഹം കൊണ്ടുപോയി. ഭാരവാഹികളായ നിസാര്‍ എസ്. കാട്ടില്‍, ബഷീര്‍ ഉള്ളണം, സലിം പാലച്ചിറ, അഹ്മദ് നിസാമി, മുനീര്‍ തോട്ടട, സകീര്‍ ഹുസൈന്‍ മാന്നാര്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തുള്ളത്.