ജിദ്ദ: സ്വന്തം നാട്ടിലെ മദ്രസയിൽ വെച്ച് നടന്ന പരിപാടിയിൽ സംഘാടകരോട് മത ശാസന നടത്തിയതിന് ഒരു പെൺകുട്ടിയെ അപമാനിച്ചു എന്നാരോപിച്ചു കൊണ്ട് കേരളത്തിലെ മുതിർന്ന ഇസ്ലാമിക പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെക്രട്ടറിയും സമസ്ത വിദ്യാഭ്യാസ ബോർഡ് ചെയർമാനുമായ എം. ടി അബദുല്ല മുസലിയാർക്കെതിരെയുള്ള മാധ്യമ രാഷ്ട്രീയ ഭരണകൂട വിചാരണ അത്യന്തം അപകടകരമാണെന്ന് വാഫി – വഫിയ്യ ജിദ്ദ കമ്മിറ്റി അഭിപ്രായപ്പെട്ടു. ബഹുസ്വര സമൂഹത്തിൽ ഓരോ സമൂഹത്തിനും വ്യത്യസ്തങ്ങളായ ആശയ ആദർശങ്ങൾ അടിസ്ഥാനമാക്കി പണ്ഡിതൻമാർ അവരുടെ അനുയായികൾക്ക് കാലങ്ങളായി ഇത്തരം ഉപദേശ നിർദേശങ്ങളും ശാസനകളും നൽകി വരാറുണ്ട്. അത്തരം ശാസനകളും ഉപദേശ നിർദേശങ്ങളും സഹിഷ്ണുതയോടെ സ്വീകരിച്ചു പോരുന്ന സമൂഹത്തിലേക്ക് വിഷം വമിച്ച് കൊണ്ട് ഒരു പ്രത്യേക സമുദായത്തിന് നേരെ വരുന്ന കപട സമുദായ സനേഹികളെയും മാധ്യമങ്ങളെയും രാഷ്ട്രീയ ഭരണ നേതൃത്വങ്ങളെയും അകറ്റി നിർത്താൻ ജനാധിപത്യ സമൂഹം തയ്യാറാവണമെന്നും വാഫി – വാഫിയ്യ കമ്മിറ്റി ആവശ്യപ്പെട്ടു.
30 വർഷത്തോളം വിദ്യാർഥിനികളെ നിരന്തരം പീഡിപ്പിച്ച മലപ്പുറം സെന്റ് ജമ്മാസ് സ്കൂളിലെ അധ്യാപകനും നഗരസഭ കൗൺസിലറുമായ കെ. വി ശശികുമാറിനെതിരെ പൂർവ്വ വിദ്യാർഥിനികൾ രേഖാമൂലം പരാതിപ്പെട്ടിട്ട് പോലും പ്രതികരിക്കുകയോ നടപടി എടുക്കുകയോ ചെയ്യാത്ത
പുരോഗമനവാദികളും രാഷ്ട്രീയ ഭരണ നേതൃത്വവും വന്ദ്യ വയോധികനായ ഒരു പണ്ഡിതനെതിരെ ഇല്ലാത്ത ആരോപണം ഉന്നയിച്ചു കൊണ്ട് മുസ്ലിം സമുദായത്തെ പ്രതിക്കൂട്ടിൽ നിർത്താനുള്ള നീചമായ ശ്രമങ്ങൾ ഇന്ത്യൻ സെക്യൂലറിസത്തോടുള്ള വെല്ലുവിളിയാണെന്നും അത്തരത്തിലുള്ള സമീപനങ്ങൾ ഒരിക്കലും വെച്ച് പൊറുപ്പിക്കാൻ കഴിയില്ല എന്നും ഇത്തരം ഗൂഢാലോചനകൾ അവജ്ഞയോടെ തള്ളിക്കളയാൻ പൊതു സമൂഹം തയ്യാറാവണമെന്നും പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ വേങ്ങൂർ, ജനറൽ സെക്രട്ടറി ദിൽഷാദ് കാടാമ്പുഴ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.




