ജിദ്ദ: ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്ക്കൂൾ വിദ്യാർഥികൾ നേരിടുന്ന യാത്ര പ്രശ്നം ചർച്ച ചെയ്യാൻ ഇന്ത്യൻ സ്ക്കൂൾ പാരന്റ്സ് ഫോറം (ഇസ്പാഫ്) ജിദ്ദ എക്സിക്യൂട്ടീവ് അംഗങ്ങൾ പ്രസിഡന്റ് ഡോ.മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. മുസഫർ ഹസ്സൻ, മാനേജ്‌മന്റ് കമ്മിറ്റി ചെയർമാൻ മുഹ്സിൻ ഹുസൈൻ ഖാൻ, മാനേജ്‌മന്റ് കമ്മിറ്റി അംഗങ്ങളായ ജസീം അബു മുഹമ്മദ് , ഡോ. പ്രിൻസ് മുഫ്തി സിയാവുൽ ഹസ്സൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കുട്ടികളും രക്ഷിതാക്കളും നേരിടുന്ന പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരികയും അതിന്റെ പരിഹാരത്തിന് സ്കൂൾ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുള്ള അടിയന്തര നടപടികളും അവർ ആവശ്യപ്പട്ടു.
സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി അംഗങ്ങൾ ഈ വിഷയത്തിൽ ഇതുവരെ സ്വീകരിച്ച നടപടികൾ ബന്ധപ്പെട്ടവർ വിശദീകരിച്ചു. ഇപ്പോഴത്തെ തൊഴിൽ നിയമങ്ങളും മറ്റു നിയമ വിഷയങ്ങളും പുതിയ കരാറിൽ ഏർപെടുന്നതിൽ കാലതാമസം ഉണ്ടാക്കിയെന്നും കൂടുതൽ സുതാര്യവും കാര്യക്ഷമവും ആയ യാത്ര സൗകര്യം വിദ്യാർത്ഥികൾക്ക് ഒരുക്കുന്നതിൽ മാനേജ്‌മന്റ് കമ്മിറ്റി പ്രത്യേകം നിഷ്കർഷത പുലർത്തുകയും ശ്രദ്ധ കേന്ദ്രികരിക്കുകയും ചെയ്തു എന്നും അവർ വിശദീകരിച്ചു. നിലവിൽ 9 മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾക്ക് യാത്ര സൗകര്യം ലഭ്യമാക്കിയെന്നും കെ. ജി. വിദ്യാത്ഥികൾക്ക് അടുത്ത മൂന്ന് ആഴ്ചകൾക്കുള്ളിൽ യാത്ര സൗകര്യം ലഭ്യമാക്കും എന്നും ഒന്ന് മുതൽ എട്ടു വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കുള്ള യാത്ര സൗകര്യം വേനലവധിക്ക് ശേഷം ലഭ്യമാക്കും എന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
യാത്ര പ്രശ്‌നത്തിന് പുറമെ മറ്റു വിഷയങ്ങളും ഇസ്പാഫ് ഭാരവാഹികൾ മാനേജ്‍മെന്റ് കമ്മിറ്റിയുടെയും പ്രിൻസിപ്പലിന്റെയും ശ്രദ്ധയിൽ കൊണ്ടുവന്നു. സ്കൂളിന്റെ മുന്നിലുള്ള യാത്ര കുരുക്ക്, ടോയ്ലറ്റിന്റെ അവസ്ഥ, കുടിവെള്ള ശീതീകരണ സംവിധാനം, ലൈബ്രറി സൗകര്യത്തിലെ അപര്യാപ്തത തുടങ്ങിയവ പരിഹരിക്കുന്നതിനായി ഇതിനകം നടപടി സ്വീകരിച്ചു തുടങ്ങിയതായി സ്കൂൾ അധികൃതർ അറിയിച്ചു.
വിദ്യാർത്ഥികളും രക്ഷിതാക്കളും നേരിടുന്ന വ്യത്യസ്തങ്ങളായ പ്രശ്നങ്ങൾ ഇരുന്നു ചർച്ച ചെയ്യുവാനും അതിന്റെ പരിഹാര നടപടികൾ കൂടിയാലോചിക്കാനും വരും നാളുകളിൽ കൂടിക്കാഴ്ച്ചകൾ തുടർന്നും നടത്താൻ വേണ്ടിയുള്ള ഇസ്പാഫിന്റെ നിർദേശം മാനേജ്മെന്റ് കമ്മിറ്റി തത്വത്തിൽ അംഗീകരിച്ചു.
അധ്യാപകരിൽ ശരിയായ യോഗ്യത ഉള്ളവരുടെ കുറവും കൊവിഡിന് ശേഷം ഓഫ്‌ലൈൻ ക്ലാസ്സിൽ കണ്ടുവരുന്ന പ്രശ്നങ്ങളും മാനേജ്‌മന്റ് കമ്മിറ്റിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ഈ വിഷയം ഗൗരവത്തിൽ എടുത്തിട്ടുണ്ടെന്നും പരിഹരിക്കാനുള്ള നടപടികൾ പ്രിൻസിപ്പൽ ഏറ്റെടുത്തു നടപ്പിലാക്കും എന്നും അവർ അറിയിച്ചു.
പ്രൈവറ്റ് വാഹങ്ങൾക്ക് ഗേൾസ് സ്കൂൾ ഗേറ്റിനു അടുത്തും ബോയ്സ് സ്കൂൾ കോമ്പൗണ്ടിലും കുട്ടികളെ ഇറക്കാൻ ഉപാധികളോടെ അനുവദിക്കും എന്നും ഉറപ്പ് നൽകി.
കോ എഡ്യൂക്കേഷൻ നടപ്പാക്കിയതുമൂലം കുട്ടികളുടെ സെഷൻ മാറിയത് കൊണ്ട് അനുഭവിക്കുന്ന സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ആവശ്യമുള്ള രക്ഷിതാക്കൾ പ്രിൻസിപ്പൽ, എച്ച്. എം എന്നിവർക്ക് ഇ മെയിൽ അയച്ചു പരിഹാരം തേടാവുന്നതാണ്. ആവശ്യമുള്ള നടപടി പ്രിൻസിപ്പൽ ഉടൻ സ്വീകരിക്കുന്നതാണ്.
ചർച്ചയിൽ പ്രസിഡൻ്റിന് പുറമെ ഇസ്പാഫിനെ പ്രതിനിധീകരിച്ച് ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി, എക്സിക്യൂട്ടീവ് മെമ്പർമാരായ ഫസ്‌ലിൻ, ജാഫർ ഖാൻ, റഫീഖ് പെരൂൾ, അഹമ്മദ് യൂനുസ്, അഡ്വൈസർമാരായ മുഹമ്മദ് ബൈജു, സലാഹ് കാരാടൻ എന്നിവരും പങ്കെടുത്തു.