ബീജിങ്: ചൈനയുടെ തെക്കുപടിഞ്ഞാറന്‍ നഗരമായ ചോങ്കിങ് വിമാനത്താവളത്തിൽ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനത്തിന് തീപിടിച്ചു. ടിബറ്റ് എയർലൈൻസിനാണ് തീപിടിച്ചത്. 113 യാത്രക്കാരും ഒമ്പത് ജീവനക്കാരുമടങ്ങുന്നവരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അപകടത്തിൽ പരിക്കേറ്റ 40 യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിൽ ആളപായം ഉണ്ടായിട്ടില്ലെന്നും എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായും എയർലൈൻസ് അറിയിച്ചിട്ടുണ്ട്.
ചോങ്കിങ്ങിൽ നിന്ന് ടിബറ്റിലെ നൈൻചിയിലേക്ക് പോകുകയായിരുന്ന വിമാനത്തിന് ചില അസ്വാഭാവികതകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നീങ്ങി തുടങ്ങിയ വിമാനത്തെ നിർത്താന്‍ ശ്രമിച്ചതാണ് റൺവേയിൽ നിന്ന് തെന്നിമാറാനുള്ള കാരണമായി കമ്പനി അറിയിച്ചു. വിമാനത്തിന് തീ പിടിക്കുന്നതിന്‍റെയും രക്ഷാപ്രവർത്തനത്തിന്‍റെയുമെല്ലാം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ മാർച്ചിൽ ചൈനയിലെ കുൻമിങ്ങിൽ നിന്ന് ഗ്വാങ്‌ഷൂവിലേക്ക് പോവുകയായിരുന്ന ഈസ്റ്റേൺ വിമാനം മലഞ്ചെരുവിലേക്ക് മറിഞ്ഞ് വിമാനത്തിലുണ്ടായിരുന്ന 132 പേരും മരിച്ചിരുന്നു. 30 വർഷത്തിനിടയിലെ ചൈനയിലെ ഏറ്റവും വലിയ വിമാന അപകടമായി കരുതുന്ന ഈ സംഭവത്തിന്‍റെ കാരണമെന്തെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പിന്നാലെ ഉണ്ടായിരുന്ന വിമാന അപകടം ഏറെ ഭീതി ഉയർത്തിയിട്ടുണ്ട്.