റിയാദ്: സഊദി എയർ കാരിയറും ബജറ്റ് എയർലൈനുമായ ഫ്ലൈനാസ് 6.6 ബില്യൺ റിയാലിന്റെ മൂല്യത്തിൽ 14 പുതിയ എയർബസ് എ 320 നിയോ വിമാനങ്ങൾ വാങ്ങുന്നതിനും പാട്ടത്തിനെടുക്കുന്നതിനുമായി 3 കരാറുകൾ പ്രഖ്യാപിച്ചു.
2022 മെയ് 9 മുതൽ 11 വരെയുള്ള കാലയളവിൽ റിയാദിലെ കിംഗ് അബ്ദുൽ അസീസ് കൺവെൻഷൻ സെന്ററിൽ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ സംഘടിപ്പിച്ച “ഫ്യൂച്ചർ ഓഫ് ഏവിയേഷൻ കോൺഫറൻസിന്റെ” പ്രവർത്തനങ്ങളിലാണ് പങ്കാളിത്തത്തിന്റെ പ്രഖ്യാപനം നടത്തിയത്.
കമ്പനികളുമായി ധാരണയായ 14 വിമാനങ്ങൾ (സിഡിബി ഏവിയേഷൻ – സിഎംബി ലീസിംഗ് അവലോൺ) ഒരു ഓർഡറിന്റെ ഭാഗമാണെന്ന് കമ്പനി വിശദീകരിച്ചു. എയർബസ് “എ 320 നിയോ എയർക്രാഫ്റ്റ്” വിമാനങ്ങളാണ് ഏറ്റെടുക്കുന്നത്.
ആഭ്യന്തര, അന്തർദേശീയ സർവ്വീസുകൾ വിപുലീകരണതിന്റെ ഭാഗമാണ് കരാറുകളെന്ന് ചീഫ് എക്‌സിക്യൂട്ടീവും മാനേജിംഗ് ഡയറക്ടറുമായ നാസ് എയർ ബന്ദർ അൽ മുഹന്ന ചൂണ്ടിക്കാണിച്ചു. കൂടാതെ 250 ലധികം ലക്ഷ്യസ്ഥാനങ്ങളിലൂടെ 330 മില്യൺ ആളുകളെ സഊദിയെ ബന്ധിപ്പിക്കുകയും ചെയ്യും.
വിമാനങ്ങളിൽ നിന്നുള്ള പുതിയ ഓർഡറുകളുടെ എണ്ണം 250 ആയി ഉയർത്താൻ ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയതായി മാർച്ചിൽ കമ്പനി പ്രഖ്യാപിച്ചിരുന്നു.