റിയാദ്: സഊദിയിൽ ഈ വർഷം തടവുകാർക്ക് നൽകുന്ന പൊതുമാപ്പിൽ 36 കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്ക് പൊതുമാപ്പ് ലഭിക്കില്ല. പൊതുമാപ്പുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച വ്യവസ്ഥകളിലും മാനദണ്ഡങ്ങളിലുമാണ് ഇക്കാര്യം അറിയിച്ചത്. ശവ്വാൽ പത്തു വരെ രജിസ്റ്റർ ചെയ്യുന്ന കേസുകളിലെ പ്രതികൾക്ക് രാജാവിന്റെ പൊതുമാപ്പ് ലഭിക്കും.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദൈവനിന്ദ, പ്രവാചകനിന്ദ, മുസ്ഹഫ്‌നിന്ദ, ദേശസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങൾ, ഭീകരപ്രവർത്തനം, ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകൽ, രാജ്യദ്രോഹം അടക്കം ഗുരുതരമായ സൈനിക കുറ്റകൃത്യങ്ങൾ, കരുതിക്കൂട്ടിയുള്ള കൊലപാതകം, കൊലപാതകത്തിന് സഹായിക്കൽ, ആസൂത്രണം ചെയ്യൽ, വികലാംഗരെയും കുട്ടികളെയും പീഡിപ്പിക്കൽ, ആഭിചാരം, മനുഷ്യക്കടത്ത്, തട്ടിക്കൊണ്ടുപോകൽ, സുരക്ഷാ സൈനികരായി ആൾമാറാട്ടം നടത്തൽ, പണം വെളുപ്പിക്കൽ, നിക്ഷേപ തട്ടിപ്പ്, നുഴഞ്ഞുകയറ്റക്കാരെ കടത്തൽ, കൊള്ള, പിടിച്ചുപറി, ജയിലുകൾക്കകത്തെ കുറ്റകൃത്യങ്ങൾ എന്നിവക്ക് പൊതുമാപ്പ് ലഭ്യമാകില്ല.
കൂടാതെ, ജുഡീഷ്യറി ഉദ്യോഗസ്ഥർക്കും ആരോഗ്യ പ്രവർത്തകർക്കും സ്വകാര്യ സെക്യൂരിറ്റി ജീവനക്കാർക്കുമെതിരായ കൈയേറ്റങ്ങൾ, പ്രായപൂർത്തിയാകാത്തവരെ കെണിയിൽ വീഴ്ത്തൽ, വീട്ടിൽ നിന്ന് ഒളിച്ചോടുന്ന കൗമാരക്കാർക്ക് രഹസ്യമായി അഭയം നൽകൽ, ലൈംഗിക ഉപദ്രവം, ബലാത്സംഗം, ആക്രമിക്കാനും മോഷണം നടത്താനും പീഡിപ്പിക്കാനും വീടുകളിൽ അതിക്രമിച്ചുകയറൽ, ദമ്പതികളെ തമ്മിൽ പിണക്കാൻ ശ്രമിക്കൽ, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നീ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർക്കും പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല.