കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് അപേക്ഷകരുടെ എണ്ണം കൂട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ ഷെയ്ഖിനെ വിളിച്ച് ആവശ്യപ്പെട്ടെന്ന് ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാൻ എ പി അബ്ദുല്ലകുട്ടി. രാജ്യത്തെ ഹജ്ജ് അപേക്ഷകള്‍ കൂടിയതോടെ നരേന്ദ്രമോദി യുഎഇ ഷെയ്ഖിനെ വിളിച്ച് കൂടുതല്‍ അപേക്ഷകള്‍ പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടെന്നും ഇത് പ്രകാരം പതിനായിരം അധിക സീറ്റുകള്‍ ഇന്ത്യയ്ക്ക് ലഭിച്ചുവെന്നുമായിരുന്നു ബിജെപി ദേശീയ ഉപാധ്യക്ഷൻ കൂടിയായ അബ്ദുല്ലക്കുട്ടിയുടെ പ്രസംഗം.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രസംഗ വീഡിയോ പ്രചരിച്ചതോടെ ട്രോളും വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. കോഴിക്കോട് ബിജെപി ജില്ല കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു അബ്ദുല്ലക്കുട്ടി മണ്ടത്തരം എഴുന്നള്ളിയത്. സഊദി അറേബ്യയിലെ മക്കയിലാണ് ഹജ്ജ് നടക്കുന്നത്. ഇതിന് ക്വാട്ട കൂട്ടാൻ സൗദി രാജാവിനെ വിളിക്കുന്നതിന് പകരം മറ്റൊരു രാജ്യമായ യുഎഇയിലെ ഷെയ്ഖിനോട് ആവശ്യപ്പെട്ടു എന്ന പ്രയോഗമാണ് ട്രോളുകൾക്ക് കാരണമായത്.
ഹജ്ജ് സഊദിയിൽ ആണെന്നിരിക്കെ മോദി എന്തിനാണ് യുഎഇ ഷെയ്ഖിനെ വിളിച്ച് ക്വാട്ട കൂട്ടാൻ ആവശ്യപ്പെട്ടത് എന്നാണ് ഉയരുന്നത് ചോദ്യം. തള്ളുമ്പോൾ ഇത്തിരി മയത്തിലൊക്കെ തള്ളണമെന്നും അല്ലെങ്കിൽ ഇങ്ങനെ പണി പാളുമെന്നും പലരും ചൂണ്ടിക്കാട്ടുന്നു. ഒരു രാജ്യത്ത് നടക്കുന്ന ആരാധനാ-തീർഥാടന കർമത്തിന് പോവുന്നരുടെ എണ്ണം കൂട്ടാൻ മറ്റൊരു രാജ്യത്തെ വിളിച്ച് ആവശ്യപ്പെടുന്ന ഏക പ്രധാനമന്ത്രി മോദിയായിരിക്കും, ഹജ്ജ് എവിടെയാണെന്ന് പോലും അറിയാത്ത ആളാണ് ഹജ്ജ് കമ്മിറ്റി ചെയർമാൻ എന്നൊക്കെയാണ് മറ്റു ചിലർ ചൂണ്ടിക്കാട്ടുന്നത്.
അബ്ദുല്ലക്കുട്ടിയുടെ പ്രസംഗത്തിന്റെ വീഡിയോ പങ്കുവച്ച് ടി സിദ്ധീഖ് എംഎല്‍എയും രംഗത്തെത്തി. ‘സഊദിയിലെ മക്കയില്‍ നടക്കുന്ന ഹജ്ജ് കര്‍മത്തിനു വേണ്ടി യുഎഇ ഷെയ്ഖിനെ വിളിച്ച് എണ്ണം കൂട്ടാന്‍ പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിക്കിരിക്കട്ടെ ഒരു കുതിരപ്പവന്‍… എന്റെ ഔളക്കുട്ടീ… ഹജ്ജ് എവിടെ നടക്കുന്നു എന്ന് പോലും അറിയാത്തവനാണത്രേ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍… ഒരു പാട് തള്ളുകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്, ഇനിയും കേള്‍ക്കേണ്ടി വരും… പക്ഷേ, ഈ ജാതി തള്ളുകളൊക്കെ തള്ളും മുമ്പ് യുഎഇ എവിടെ, ഹജ്ജ് എവിടെ? ശൈഖാരാണ്, സഊദിയെവിടെ? മക്കയെവിടെ, എന്നെങ്കിലും മിനിമം അറിയണ്ടേ അല്‍ ഊളക്കുട്ടീ..?’- എന്നാണ് ടി സിദ്ദീഖിന്റെ പോസ്റ്റ്.
അബ്ദുല്ലക്കുട്ടിയുടെ പ്രസംഗത്തില്‍ നിന്ന്-
”രാജ്യത്ത് ഹജ്ജിന് പോകുന്നവരുടെ അപേക്ഷകള്‍ വളരെയധികം കൂടുമ്പോള്‍ നരേന്ദ്രമോദി യുഎഇ ഷെയ്ക്കിനെ വിളിച്ചു പറഞ്ഞത് ‘ഞങ്ങള്‍ക്ക് ഒരുലക്ഷത്തി തൊണ്ണൂറായിരം പോരാ, കുറച്ച് കൂടുതല്‍ വേണമെന്നായിരുന്നു.’ നരേന്ദ്രമോദി ഇടപെട്ട് പതിനായിരം സീറ്റ് അധികം വാങ്ങിച്ചു. എന്നിട്ടോ, ആ പതിനായിരം സീറ്റ് സ്വകാര്യ ട്രാവല്‍ ഏജന്‍സിക്ക് കൊടുത്തില്ല. സര്‍ക്കാര്‍ ചെലവില്‍ പോകാന്‍ ആലോചിച്ചു. എന്നാല്‍ സര്‍ക്കാരിന് അത്രയും വിമാനങ്ങള്‍ ഉണ്ടായിരുന്നില്ല. അവസാനം മോദി മറ്റൊരു തീരുമാനമെടുത്തു. സര്‍ക്കാര്‍ നിശ്ചയിച്ച തുകയ്ക്ക് ഈ തീര്‍ത്ഥാടകരെ കൊണ്ടുപോകാന്‍ തയ്യാറെങ്കില്‍ മുന്നോട്ട് വരണം. അങ്ങനെ ഈ നാട്ടിലെ വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ സഹായം നല്‍കിയ മഹാനായ നേതാവായിരുന്നു നരേന്ദ്രമോദി”.
വീഡിയോ👇
വീഡിയോ കടപ്പാട് മനോരമ ന്യൂസ്