പെരുന്നാൾ ആഘോഷത്തിനിടെ വാഹനാപകടത്തിൽ മരണപ്പെട്ട സുഹൃത്തുക്കൾക്ക് പ്രവാസലോകത്തിന്‍റെ യാത്രാമൊഴി

0
3058

ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ മരിച്ച സുഹൃത്തുക്കൾക്ക് പ്രവാസ ലോകത്തിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ചൊവ്വാഴ്ച മിസഈദ് സീലൈനിലുണ്ടായി അപകടത്തിൽ മരിച്ച മൂന്ന് സുഹൃത്തുക്കളായ മലയാളി യുവാക്കളിൽ ഒരാളുടെ മയ്യത്ത് ഖത്തറിൽ ഖബറടക്കി. ഒരാളുടെ മയ്യത്ത് നാട്ടിലേക്ക് എത്തിക്കുകയും മറ്റൊരാളുടേത് നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയുമാണ്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മലപ്പുറം കീഴുപറമ്പ് സ്വദേശി മാരാൻകുളങ്ങര ഇയ്യക്കാട്ടിൽ എം.കെ. ഷമീമിന്‍റെ (35) മൃതദേഹമാണ് ബുധനാഴ്ച രാത്രിയോടെ അബൂ ഹമൂർ ഖബർസ്ഥാനിൽ വൻ ജനാവലിയുടെ സാനിധ്യത്തിൽ ഖബറടക്കിയത്. വിവിധ സംഘടനകളുമായി സഹകരിച്ച്, അടുത്തിടപഴകി പ്രവർത്തിക്കുന്ന ഷമീമിന് അന്ത്യയാത്രാമൊഴി നൽകാനായി മലയാളികളും സ്വദേശികളും ഉൾപ്പെടെ വൻ ജനാവലിതന്നെ അബൂഹമൂറിലെ ഖബർസ്ഥാനിലെത്തിയിരുന്നു.

അപകടത്തിൽ മരണപ്പെട്ട പൊന്നാനി മാറഞ്ചേരി പുറങ്ങ്‌ കുണ്ടുകടവ്‌ കളത്തിൽപടിയിൽ റസാഖിന്‍റെ (31) മൃതദേഹം വ്യാഴാഴ്ച രാത്രി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കോഴിക്കോട്ട് എത്തിച്ചു. വെള്ളിയാഴ്ച നാട്ടിൽ ഖബറടക്കും. വ്യാഴാഴ്ച ഉച്ചയോടെ അബൂഹമൂറിലെ പള്ളിയിൽ മയ്യിത്ത് നമസ്കാരം നിർവഹിച്ച ശേഷമാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്.

ആലപ്പുഴ മാവേലിക്കര സ്വദേശി സജിത്ത് മങ്ങാട്ട് തറയിലിന്‍റെ (37) മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് ഖത്തർ എയർവേസ് വിമാനത്തിൽ കൊച്ചിയിലേക്ക് കൊണ്ടുപോകും. അവിടെനിന്നും മാവേലിക്കരയിലെ വീട്ടിലെത്തിച്ച ശേഷം സംസ്കാരം നിർവഹിക്കും. സജിത്തിന്‍റെ ഭാര്യ രേവതിയും മക്കളായ അമേയ, അനേയ എന്നിവരും നാട്ടിലേക്ക് തിരിക്കും.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മുഐതറിലെ താമസ സ്ഥലത്തുനിന്നും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന സംഘം രണ്ടു വാഹനങ്ങളിലായി പെരുന്നാൾ ആഘോഷിക്കാൻ സീലൈനിലേക്ക് പോയത്. പുറപ്പെട്ട് ഒന്നര മണിക്കൂറിനുള്ളിലായിരുന്നു അപകടം സംഭവിച്ചത്. വില്ലയിൽ അടുത്തടുത്ത മുറികളിലായി താമസിക്കുന്നവരായിരുന്നു ഇവർ. നാല് മണിയോടെ യാത്ര തിരിച്ചവരുടെ സംഘത്തിലെ ഒരു വാഹനം മിസഈദ് സീലൈനിലാണ് അപകടത്തിൽ പെട്ടത്. 3 പേർ തൽക്ഷണം മരിച്ചു. ഡ്രൈവർ ശരൺജിതിന് സാരമായി പരിക്കേറ്റു. വാഹനത്തിലുണ്ടായിരുന്ന സജിത്തിന്‍റെ മക്കളിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ കണ്ണൂർ ഇരിട്ടി സ്വദേശി ശരൺജിത് ശേഖരൻ ഹമദ് ആശുപത്രിയിൽ ചികിത്സയിലാണ്.