ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധനേടി ജിദ്ദ സീസൺ 2022; ഈദ് ദിനത്തിൽ ആരംഭിച്ച പരിപാടികളിൽ മൂന്ന് ദിവസം കൊണ്ട് എത്തിയത് രണ്ട് ലക്ഷത്തിലേറെ പേര്‍

ജിദ്ദ: ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധനേടി
ജിദ്ദ സീസൺ 2022. ഈദ് ദിനത്തിൽ ആരംഭിച്ച പരിപാടികളിൽ മൂന്ന് ദിവസം കൊണ്ട് എത്തിയത് രണ്ട് ലക്ഷത്തിലേറെ പേര്‍. തത്സമയ പ്രദര്‍ശനങ്ങള്‍ അടക്കമുള്ള വ്യത്യസ്തമാര്‍ന്ന പരിപാടികള്‍ സന്ദര്‍ശകർക്കിടയിൽ വലിയ തോതിൽ ശ്രദ്ദനേടി.

ജിദ്ദ സീസണ്‍ നീണ്ടുനില്‍ക്കുന്ന 60 ദിവസവും ആര്‍ട്ട് പ്രൊമനേഡ് ഏരിയയില്‍ കരിമരുന്ന് പ്രയോഗമുണ്ടാകും. ഒമ്പത് സ്ഥലങ്ങളിലാണ് ജിദ്ദ സീസൺ പരിപാടികൾ അരങ്ങേറുന്നത്. തുടക്കത്തിൽ ജിദ്ദ ആർട്ട് പ്രൊമെനേഡ് മേഖലയിലാണ് പരിപാടികൾ. വരും ദിവസങ്ങളിലായി മറ്റ് സ്ഥലങ്ങളിലും പരിപാടികൾ ആരംഭിക്കും.

ഇന്ത്യയടക്കമുള്ള വിവിധ രാജ്യക്കാർക്ക് ആസ്വദിക്കാൻ കഴിയുന്ന നിരവധി പരിപാടികൾ ഇനിയുള്ള ദിവസങ്ങളിൽ അരങ്ങേറും. മരണചക്രം, വിമാനം, ബാലൻസ് ഷോ, തൂക്കുതുണി, ഹീലിയം ഷോ, സൈക്കിളുകൾ, കടലാസ് കൊടുങ്കാറ്റ് തുടങ്ങിയ അക്രോബാറ്റിക് പ്രകടനങ്ങൾ അവതരിപ്പിക്കുന്നതിൽ ഉൾപ്പെടും.

പ്രശസ്ത ഈജിപ്ഷന്‍ ഗായകനും നടനും റാപ്പറും നര്‍ത്തകനും നിര്‍മാതാവുമായ മുഹമ്മദ് റമദാനും സംഘവും അവതരിപ്പിച്ച സംഗീത, നൃത്ത പരിപാടി ശ്രദ്ദനേടി. പ്രത്യേകം രൂപകല്‍പന ചെയ്ത ഒമ്പതു പ്രദേശങ്ങളിലായി 2,800 പരിപാടികള്‍ ജിദ്ദ സീസണിന്റെ ഭാഗമായി നടക്കും.