ഒ ഐ സി സി പെരുന്നാൾ സ്നേഹ സമ്മാനം വിതരണം ചെയ്തു

ജിദ്ദ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തി പ്രയാസപെടുന്നവർക്ക് ജിദ്ദ – വണ്ടൂർ ഒ ഐ സി സി സ്നേഹ സമ്മാനം വിതരണം ചെയ്തു. പെരുന്നാൾ സമ്മാനമായി അർഹരായവർക്ക് നൽകുന്നതിന്റെ ഔപചാരികമായ വിതരണോദ്ഘാടനം വണ്ടൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻറ് മുരളി കാപ്പിൽ നിർവ്വഹിച്ചു. പ്രയാസത്തിന്റെ നടുവിൽ കഴിയുന്ന മുൻ പ്രവാസികൾ പലപ്പോഴും പല വിധ സഹായ പദ്ധതികളിലും പെടാതെ പോകുന്ന ദുരവസ്ഥയാണ് ഉള്ളതെന്നും അവരെ ചേർത്തു പിടിക്കുവാൻ ഇത്തരം ശ്രമങ്ങൾ അനിവാര്യമാണെന്നും മുരളി പറഞ്ഞു.

സഊദി വെസ്റ്റേൺ റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ. ടി. എ മുനീർ അധ്യക്ഷത വഹിച്ചു. വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുവാൻ പ്രവാസികൾ കാണിക്കുന്ന താല്പര്യത്തിന്റെ ഒരു വിഹിതം പോലും അവരിൽ ചിലർക്ക് പ്രയാസമുണ്ടാകുബോൾ നാട്ടിൽ കാണുന്നില്ലെന്നു മുനീർ പറഞ്ഞു. പലപ്പോഴും വലിയ വിടും മറ്റും ഉണ്ടാക്കി എന്ന കാരണത്താൽ സഹായങ്ങൾ നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് കാണുന്നത്. പ്രവാസ ജീവിതത്തിൽ പ്രവാസികൾ സാമ്പത്തിക സുരക്ഷിതത്വത്തിനു കൂടുതൽ പ്രധാന്യം നൽകേണ്ട കാര്യത്തിലേക്കാണ് ഇത് വിരൽ ചുണ്ടുന്നതെന്നും മുനീർ കൂട്ടിച്ചേർത്തു.

കാപ്പിൽ നിർമ്മിക്കുന്ന വീട് നിർമ്മാണത്തിനുള്ള സഹായം ജംഷീർ ബാബു കാപ്പിലിനും യൂത്ത് കോൺഗ്രസ് പ്രവർത്തകനുള്ള വൃക്ക രോഗ ചികിത്സ സഹായം മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സി. മുത്തുവിനും കൈമാറി.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ശരീഫ് തുറക്കൽ, ഒഐസിസി മുൻ ഭാരവാഹികളായ അക്ബർ കരുമാര, ഉബൈദുള്ള മുക്കണ്ണൻ, ജിദ്ദ – വണ്ടൂർ കൂട്ടായ്മയുടെ ഭാരവാഹികളായ ഗഫൂർ പാറഞ്ചേരി, ഇസ്ഹാഖ് പനങ്ങാടൻ, സി.ടി ഹൈദർ, സാദ്ദിഖ് വാളശ്ശേരി, സൈനുദ്ധീൻ എന്നിവർ സംസാരിച്ചു.