സന്തോഷ് ട്രോഫി കിരീടമണിഞ്ഞു, കേരള ടീമിന് പ്രവാസി സംരംഭകൻ ഡോ: ഷംഷീർ വയലിൽ ഒരു കോടി രൂപ പാരിതോഷികം നൽകും

0
3784

അബുദാബി: സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടിയ കേരള ടീമിന് പ്രമുഖ വ്യവസായി ഒരു കോടി രൂപ പാരിതോഷികം നൽകും. പ്രവാസി സംരംഭകനും വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ: ഷംഷീർ വയലിൽ ആണ് സമ്മാനം നൽകുക. ആവേശകരമായ പ്രഖ്യാപനം ഫൈനൽ മത്സരം നടക്കുന്നതിന്റെ മണിക്കൂറുകൾ മുമ്പാണ് നടത്തിയത്. ഏഴാം സന്തോഷ് ട്രോഫി കിരീടം സ്വപ്നം കാണുന്ന കേരളാടീമിന് പ്രോത്സാഹനമായിട്ടായിരുന്നു പാരിതോഷിക പ്രഖ്യാപനം.

കേരളാ – ബംഗാൾ ഫൈനലിന് മണിക്കൂകൾ മാത്രം ശേഷിക്കേയാണ് ആരാധകർക്ക് ആവേശമായും ടീമിന് പ്രോത്സാഹനമായും ഡോ: ഷംഷീർ വയലിൽ സർപ്രൈസ് സമ്മാന പ്രഖ്യാപനം നടത്തിയത്. ടീമിൻ്റെ ഇതുവരെയുള്ള മികച്ച പ്രകടനത്തിനുള്ള അഭിനന്ദനമായും കിരീടം ചൂടാനുള്ള പ്രോത്സാഹനമായുമാണ് തൻ്റെ പ്രഖ്യാപനമെന്ന് ഡോ. ഷംഷീർ വയലിൽ ട്വിറ്ററിൽ കുറിച്ചു.

കേരളം വിജയികളായാൽ കിരീടദാന ചടങ്ങിൽ തന്നെ സമ്മാനത്തുക കൈമാറിയേക്കും. ഇടവേളയ്ക്ക് ശേഷം കേരളം ആതിഥേയരായ ടൂർണമെൻറ് വലിയ ആവേശത്തോടെയാണ് ഫുട്ബോൾ പ്രേമികൾ ഏറ്റെടുത്തത്. ഫൈനലിന് യോഗ്യത നേടി കേരളാ ടീമും ആരാധകരുടെ പ്രതീക്ഷ കാത്തു.

ഒളിമ്പിക്സിലെ വെങ്കല മെഡൽ നേട്ടത്തിന് പിന്നാലെ ഹോക്കി താരം പി.ആർ ശ്രീജേഷിന് ഷംഷീർ ഒരു കോടി രൂപ സമ്മാനിച്ചിരുന്നു. ഇതോടൊപ്പം, ആദ്യമായി ഹോക്കി ഒളിമ്പിക്സ് മെഡൽ നേടിയ മലയാളി മാനുവൽ ഫെഡറിക്കിന് പത്തു ലക്ഷം രൂപ സ്നേഹസമ്മാനവും നൽകി പ്രോത്സാഹനം നൽകാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

സന്തോഷ് ട്രോഫി കിരീടമണിഞ്ഞു, കേരള ടീമിന് പ്രവാസി സംരംഭകൻ ഡോ: ഷംഷീർ വയലിൽ ഒരു കോടി രൂപ പാരിതോഷികം നൽകും