റിയാദ്: ഗൾഫ് രാജ്യങ്ങൾക്കിടയിൽ പൗരന്മാർക്ക് ദേശീയ ഐഡന്റിറ്റി ഉപയോഗപ്പെടുത്തി യാത്ര അനുമതി ഉടൻ നൽകിയെക്കുമെന്ന് റിപ്പോർട്ട്. കൊവിഡ് ഭീഷണിയെ തുടർന്ന് നേരത്തെ നിർത്തിവെച്ച ഈ സംവിധാനം കൊവിഡ് ഭീഷണി അവസാനിച്ച സാഹചര്യത്തിലാണ് പരിഷ്കരിക്കുന്നത്. കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പൗരന്മാർക്ക് പരസ്പരം രാജ്യങ്ങളിൽ സഞ്ചരിക്കാൻ പാസ്സ്പോർട്ട് നിർബന്ധമാക്കിയിരുന്നു. ഈ നടപടിയാണ് ഒഴിവാക്കി, ദേശീയ ഐഡി കാർഡ് ഉപയോഗിച്ച് യാത്ര പഴയ പടിയിലേക്ക് മാറ്റുന്നതെന്ന് ഉറവിടങ്ങൾ വെളിപ്പെടുത്തി.
ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള യാത്ര ദേശീയ ഐഡന്റിറ്റി സംവിധാനത്തിലേക്ക് മടങ്ങാനുള്ള തീരുമാനം ഉടൻ പുറപ്പെടുവിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങളാണ് ഉറവിടങ്ങൾ കേന്ദ്രീകരിച്ചു റിപ്പോർട്ട് ചെയ്തത്. സഊദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് ഇത് പ്രഖ്യാപിക്കുമെന്ന് സൂചിപ്പിച്ചു.
സഊദി പൗരന്മാർക്കും ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്കും രാജ്യത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനായി ദേശീയ ഐ ഡി കാർഡ് ഉപയോഗം താൽക്കാലികമായി നിർത്തിവച്ചതായി 2020 മാർച്ചിലാണ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്.