അൽ അറബിയയുടെ അൽ ഹദത് വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തു

0
1242

റിയാദ്: അൽ അറബിയയുടെ സഹോദര ചാനലായ അൽ ഹദസിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തു. ഇറാനുമായി സഹകരിക്കുന്ന ഇറാഖ് ആസ്ഥാനമായുള്ള ഗ്രൂപ്പ് ആണ് ഹാക്കിങ്ങിനു പിന്നിലെന്ന് അൽ ഹദത് തിങ്കളാഴ്ച രാത്രി പറഞ്ഞു. ഹാക്കിങ് മൂലം വെബ്‌സൈറ്റ് കുറച്ച് സമയത്തേക്ക് ലഭിച്ചിരുന്നില്ല. മിനിറ്റുകൾക്ക് ശേഷമാണ് വെബ്‌സൈറ്റ് പ്രവർത്തനം പുനഃസ്ഥാപിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദുബായ് ആസ്ഥാനമായി 2003 ൽ പ്രവർത്തനം ആരംഭിച്ച പ്രമുഖ അന്താരാഷ്ട്ര ടെലിവിഷൻ വാർത്താ ചാനലാണ് അൽ അറബിയ. പ്രമുഖ സഊദി വ്യവസായിയും സ്ഥാപകനും ചെയർമാനുമായ വലീദ് ബിൻ ഇബ്രാഹിം അൽ ഇബ്രാഹിമിന്റെ മേൽനോട്ടത്തിലുള്ള മിഡിൽ ഈസ്റ്റ് ബ്രോഡ്‌കാസ്റ്റിങ് സെന്റർ (എംബിസി) മേൽനോട്ടത്തിലാണ് അൽ അറബിയ പ്രവർത്തിക്കുന്നത്. അൽ അറബിയയ്‌ക്ക് കീഴിൽ നിലവിൽ അൽ അറബിയ ഇംഗ്ലീഷ്, അൽ ഹദത് എന്നീ ചാനലുകളാണുള്ളത്.

അൽ അറബിയ അനുബന്ധ വെബ്‌സൈറ്റുകൾ ഹാക്കർമാർ ലക്ഷ്യമിടുന്നത് ഇതാദ്യമായല്ല. 2012ൽ അൽ അറബിയ സോഷ്യൽ മീഡിയ ചാനലുകളിലേക്ക് ഹാക്കർമാർ നുഴഞ്ഞു കയറിയിരുന്നു. തുടർന്ന് ഖത്തറിലെ സ്‌ഫോടനത്തെയും അട്ടിമറിയെയും കുറിച്ച് തെറ്റായ വാർത്തകൾ പോസ്റ്റ് ചെയ്യുകയും ചെയ്തു.

കൂടാതെ, 2008-ൽ നടന്ന മറ്റൊരു ഹാക്കിങ് ആക്രമണത്തിൽ, “ഷിയാ വെബ്‌സൈറ്റുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർന്നാൽ, നിങ്ങളുടെ വെബ്‌സൈറ്റുകളൊന്നും സുരക്ഷിതമല്ല.” എന്ന സന്ദേശവുമായി കത്തുന്ന ഇസ്രായേലി പതാകയുടെ ചിത്രവും സന്ദേശവും പോസ്റ്റ് ചെയ്‌തിരുന്നു.

അതേസമയം, ഇറാനിയൻ മാധ്യമങ്ങളും പതിവായി സൈബർ ആക്രമണത്തിന് വിധേയമാകുന്നുണ്ട്. 100-ലധികം പൊതുമേഖലാ ഏജൻസികളെ ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾ തങ്ങൾ തകർത്തതായി ഇറാന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ ഐആർഐബിയും സർക്കാർ അധികാരികളും തിങ്കളാഴ്ച അറിയിച്ചിരുന്നു.

1979-ലെ ഇസ്‌ലാമിക വിപ്ലവത്തിന്റെ വാർഷികം ആഘോഷിക്കാൻ രാജ്യം തയ്യാറെടുക്കുന്നതിനിടെ ജനുവരിയിൽ ഐആർഐബിയും 10 സെക്കൻഡ് ഹാക്ക് ചെയ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.