മക്കയിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ നിരവധി യാചകർ അറസ്‌റ്റിൽ

0
3259

മക്ക: മക്കയിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ നിരവധി യാചകരെ അറസ്റ്റ് ചെയ്‌തു. ഹറം പള്ളിയിൽ ഭിക്ഷാടനം നടത്തിയവർ ഉൾപ്പെടെ നിരവധി താമസക്കാരെയും നിയമലംഘകരെയും മക്കയിലെ സുരക്ഷാ അധികൃതർ ചെയ്തു. ഹറം പള്ളിയുടെ മുറ്റത്ത് ഭിക്ഷാടനം നടത്തി ആരാധകരുടെ സഹതാപം സമ്പാദിക്കാനുള്ള ശ്രമത്തെ തുടർന്നാണ് ഇന്ത്യൻ പൗരനെ അറസ്റ്റ് ചെയ്തതെന്ന് അധികൃതർ പറഞ്ഞു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭിക്ഷാടനത്തിനായി വൈകല്യമുണ്ടെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ക്രച്ചസ് ഉപയോഗിച്ച യെമൻ നിയമലംഘകനും അറസ്റ്റിലായവരുടെ പട്ടികയിൽ ഉൾപ്പെടും. കൂടാതെ, പ്രായപൂർത്തിയാകാത്ത മകനെ വീൽചെയറിൽ ഇരുത്തി ഭിക്ഷ യാചിക്കുന്നയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മികച്ച ആരോഗ്യവാനാണ് കുട്ടിയെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഭിക്ഷാടനം തടയാൻ സഊദി അറേബ്യ ആഴ്ച്ചകൾക്ക് മുമ്പാണ് ഭിക്ഷാടന വിരുദ്ധ നിയമം പാസാക്കുകയും നടപടികൾ കൈക്കൊള്ളുകയും ചെയ്‌ത്‌ തുടങ്ങിയത്. ഭിക്ഷാടന വിരുദ്ധ നിയമം അനുസരിച്ച് ഭിക്ഷാടനം നടത്തുന്ന ആരെയും അറസ്റ്റ് ചെയ്ത് നടപടികൾ സ്വീകരിക്കാൻ ശക്തമായ ഫീൽഡ് പരിശോധനകളും നടക്കുന്നുണ്ട്.

യാചകവൃത്തിയിൽ ഏർപ്പെടുകയോ അല്ലെങ്കിൽ ഭിക്ഷാടനത്തെ പ്രേരിപ്പിക്കുകയോ, അംഗീകരിക്കുകയോ, സഹായിക്കുകയോ, കൈകാര്യം ചെയ്യുകയോ ചെയ്താൽ ഒരു വർഷം വരെ തടവോ 100,000 റിയാലിൽ കൂടാത്ത പിഴയോ ലഭിക്കുമെന്ന് സഊദി അറേബ്യയുടെ പൊതു സുരക്ഷ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചിലപ്പോൾ രണ്ടും കൂടി ഒരുമിച്ചും ലഭിച്ചേക്കും.