ജിദ്ദ: ജിദ്ദയിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനം നിരവധി തവണ ആടിയുലഞ്ഞത് യാത്രക്കാരിൽ പരിഭ്രാന്തി പരത്തി. ഞായറാഴ്ച പുലർച്ചെ ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനമാണ് യാത്രക്കാർക്ക് പേടി സ്വപ്നം തീർത്തത്. വിമാനം യാത്ര തുടങ്ങി ഏകദേശം അര മണിക്കൂർ പറന്ന ശേഷം അനിയന്ത്രിതമായ നിലയിൽ ആടിയുലയുകയായിരുന്നു. എന്നാൽ, പിന്നീടുള്ള യാത്ര സുഖകരം ആയിരുന്നുവെങ്കിലും കോഴിക്കോട് ഇറങ്ങിയതോടെയാണ് ശ്വാസം നേരെ വീണതെന്നും യായത്രക്കാർ പങ്കുവെച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ശക്തമായി ആടിയുലഞ്ഞ വിമാനം പെട്ടെന്ന് താഴേക്ക് ഇറങ്ങിയതോടെ പരിഭ്രാന്തരായ സ്ത്രീകളും കുട്ടികളും ഉംറ തീർത്ഥടകരും അടങ്ങിയ യാത്രക്കാർ രണ്ടും കൽപ്പിച്ച മട്ടിലായിരുന്നു പിന്നീട്. പലരും ഉച്ചത്തിൽ നിലവിളിക്കുകയും പ്രാർത്ഥന വചനങ്ങൾ ഉരുവിടാനും തുടങ്ങിയിരുന്നു. ഏകദേശം അഞ്ചു മിനിറ്റിന് ശേഷമാണ് വിമാനം പൂർവ്വ സ്ഥിതിയിലായത്. ഇതിനിടയിൽ പലരും പേടിച്ചു വിറച്ചു പോയിരുന്നു.
സാധാരണ നിലയിൽ ആകാശ യാത്രയിൽ കാലാവസ്ഥ വ്യതിയാനം മൂലം ചെറിയ തോതിൽ വിമാനം ഉലയാറുണ്ടെങ്കിലും ഇത്ര ശക്തമായ രീതിയിൽ ഭീതി പടർത്തി ആടിയുലഞ്ഞത് യാത്രികർക്ക് ആദ്യ അനുഭവം ആയിരുന്നു. ജീവിതത്തിൽ നിരവധി തവണ വിമാന യാത്രകൾ ചെയ്തിട്ടുണ്ടെങ്കിലും ജിദ്ദ കോഴിക്കോട് ഇൻഡിഗോ വിമാനയാത്രയിലെ ഇത്തരമൊരു അനുഭവം ജീവിതത്തിൽ ആദ്യമാണെന്നും ജീവിതത്തിൽ മറക്കില്ലെന്നും വളരെ ഭീതിപ്പെടുത്തുന്നതായിരുന്നെന്നും ഈ വിമാനത്തിലെ യാത്രക്കാരിയായിരുന്ന മാധ്യമപ്രവർത്തകയും സാഹിത്യകാരിയുമായ സക്കീന ഓമശ്ശേരി മലയാളംപ്രസ്സിനോട് പറഞ്ഞു.
സാങ്കേതിക മേന്മ എത്ര തന്നെ ഉണ്ടായാലും കാലാവസ്ഥ വ്യതിയാനം പോലുള്ള പ്രതിഭാസങ്ങൾ വിമാന യാത്രയിലെ യഥാർത്ഥ വില്ലൻ തന്നെയാണ്. പലപ്പോഴും പരിചയ സമ്പന്നരായ വൈമാനികരുടെ ആത്മ ധൈര്യവും ഉചിതമായ ഇടപെടലുമാണ് ഇത്തരം അപകടങ്ങളിൽ നിന്നും രക്ഷപ്പെടാൻ കാരണം. അതിനേക്കാളുപരി സർവ്വ ശക്തന്റെ കാവലുമാണെന്ന് യാത്രക്കാർ പങ്കുവെച്ചു.