ദമാം: സഊദിയിലെ സ്വഫ്‌വയിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ 4 പേർ മരിച്ചു. ഇവരെ രക്ഷപ്പെടുത്താനുള്ള അയൽവാസികളുടെ കഠിന ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. ഒടുവിൽ അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീയണച്ചത്. കിഴക്കൻ സഊദിയിലെ ഖത്വീഫ് ഗവർണറേറ്റിലെ സഫ്‌വ നഗരത്തിൽ ഇന്നലെയാണ് ദാരുണ ദുരന്തം ഉണ്ടായത്. മാതാപിതാക്കൾ സഹോദര സഹോദരിമാർ എന്നിവരാണ് മരണപെട്ടത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തീപിടുത്തത്തിൽ ഒരു മുറിയിൽ ഇവർ കുടുങ്ങുകയായിരുന്നു. ജനാലകളിലൊന്നിൽ കൂടെ ഇവരെ രക്ഷപ്പെടുത്താൻ അയൽവാസികൾ ശ്രമിച്ചെങ്കിലും രക്ഷിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. ജനലുകളിലെ ഇരുമ്പ് ഗ്രില്ലുകൾ ആണ് ഇവിടെ തടസമുണ്ടാക്കിയത്.
തുടർന്ന്, അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കുകയും അപകടത്തിൽപ്പെട്ടവരുടെ മൃതദ്ദേഹങ്ങൾ കണ്ടെത്തുകയും സുരക്ഷാ അധികാരികൾക്ക് കൈമാറുകയുമായിരുന്നു സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. തീ കത്തുന്ന പദാർത്ഥമുപയോഗിച്ചതായി സംശയിക്കുന്നുണ്ട്. സുരക്ഷാ അധികാരികൾ കുടുംബത്തിലെ ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്.