റിയാദ്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ പ്രധാന ഓഹരി ഉടമയായ സഊദി രാജകുമാരൻ അൽവലീദ് ബിൻ ത്വലാൽ ഇലോൺ മസ്‌ക് മുന്നോട്ട് വെച്ച ഓഫർ നിരസിച്ചു. കമ്പനിയുടെ 100 ശതമാനം ഓഹരികൾ 43 ബില്യൺ ഡോളറിന് സ്വന്തമാക്കാനുള്ള എലോൺ മസ്‌കിന്റെ വാഗ്ദാനമാണ് കമ്പനിയിലെ വലിയ ഷെയർ ഹോൾഡർമാരിൽ പെട്ടയാളായ വലീദ് രാജകുമാരൻ നിരസിച്ചത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
“ട്വിറ്റർ, കിംഗ്ഡം ഹോൾഡിംഗ് കമ്പനിയുടെ ഏറ്റവും വലിയ, ദീർഘകാല ഓഹരി ഉടമകളിൽ ഒരാളായതിനാൽ, ഞാൻ ഈ ഓഫർ നിരസിക്കുന്നു.” രാജകുമാരൻ ട്വിറ്ററിൽ കുറിച്ചു.
16.5 ബില്യൺ ഡോളർ ആസ്തിയുള്ള അൽവലീദ് സഊദി അറേബ്യയിലെ ഏറ്റവും ധനികനായ വ്യക്തിയാണെന്ന് ബ്ലൂംബെർഗ് ബില്യണയർ സൂചിക വ്യക്തമാക്കുന്നു. കിംഗ്ഡം ഹോൾഡിംഗ് കമ്പനിയുടെ 95 ശതമാനം ഉടമസ്ഥതയും രാജകുമാരനിലാണ്. ന്യൂസ് ഏജൻസി ബ്ലൂംബെർഗ് 2015 ലെ റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച്, അൽവലീദ് തന്റെ കിംഗ്ഡം ഹോൾഡിംഗ് കമ്പനിയ്‌ക്കൊപ്പം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ 5.2 ശതമാനം ഓഹരി സ്വന്തമാക്കിയിട്ടുണ്ട്.
സോഷ്യൽ മീഡിയ കമ്പനിയായ ട്വിറ്ററിനെ 43 ബില്യൺ ഡോളറിന് വാങ്ങാൻ ടെസ്‌ല മേധാവി വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് രാജകുമാരന്റെ ഈ മറുപടി. സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷനിൽ വ്യാഴാഴ്ച പരസ്യമാക്കിയ ഒരു ഫയലിംഗിൽ, ലോകത്തിലെ ഏറ്റവും ധനികനായ ടെസ്‌ല മേധാവി ഒരു ഷെയറിന് 54.20 ഡോളർ വാഗ്ദാനം ചെയ്തുവെന്നാണ് കണക്ക്. ഇലോൺ മസ്ക് ട്വിറ്റർ വാങ്ങാനായി മുന്നോട്ട് വെച്ച തുക നിലവിലെ കമ്പനിയുടെ വളർച്ചക്കനുസരിച്ചുള്ള മൂല്യത്തിനോട് അടുത്ത് വരുന്നില്ല എന്നാണ് വലീദ് രാജകുമാരൻ പറഞ്ഞത്.




