റിയാദ്: വാഹനം വില്‍ക്കാനുണ്ടെന്ന് ഓണ്‍ലൈനില്‍ കണ്ട പരസ്യം വഴി ബന്ധപ്പെട്ട മലയാളിക്ക് നഷ്ടപ്പെട്ടത് 22000 റിയാല്‍. ഒഎല്‍എക്‌സ് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പരസ്യം കണ്ട് ബന്ധപ്പെട്ട റിയാദിൽ ജോലി ചെയ്ത് വരുന്ന മലയാളിയുടെ അകൗണ്ടിൽ നിന്നാണ് തട്ടിപ്പുകാര്‍ 22,000 റിയാല്‍ തട്ടിയെടുത്തത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നല്ല സെകന്റ് ഹാന്‍ഡ് കാറാണ് വില്‍ക്കാനുള്ളതെന്ന ഒഎല്‍എക്‌സ് ഓണ്‍ലൈന്‍ പോര്‍ട്ടലിലെ പരസ്യം കണ്ട് ആണ് മലയാളി അതിലെ നമ്പറിൽ ബന്ധപ്പെട്ടത്. ഉടന്‍ തന്നെ ഇദ്ദേഹത്തിന്റെ വാട്‌സാപ് നമ്പറില്‍ ഒരു ഓണ്‍ലൈന്‍ ഫോം സംഘം അയച്ചു നൽകുകയും അത് പൂരിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അഞ്ചോളം പേജുള്ള ഫോമിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉണ്ടായിരുന്നു.
എല്ലാം പൂരിപ്പിച്ച ശേഷം കാര്‍ ഇദ്ദേഹത്തിന്റെ ലൊക്കേഷനില്‍ എത്തിക്കുന്നതിന് അമ്പത് റിയാല്‍ സര്‍വീസ് ചാര്‍ജും ആവശ്യപ്പെട്ടു. ഇത് പൂരിപ്പിച്ചതോടെ ഫോണിൽ എത്തിയ ഒടിപി നല്‍കിയപ്പോഴാണ് അക്കൗണ്ടില്‍ ബാലന്‍സുണ്ടായിരുന്ന 22000 റിയാല്‍ പിന്‍വലിക്കപ്പെട്ടത്. ഉടന്‍ തന്നെ ബാങ്കില്‍ അറിയിച്ചെങ്കിലും കാര്യമായ നടപടികളുണ്ടായില്ല. തുടര്‍ന്ന് ഇദ്ദേഹം റിയാദ് കെ.എം.സി.സി വെല്‍ഫയര്‍വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിനെ ബന്ധപ്പെട്ട് റിയാദ് പോലീസിലും പബ്ലിക് പ്രോസിക്യൂഷനിലും പരാതി നല്‍കിയിരിക്കയാണ്.
ഇതേ പോര്‍ട്ടലില്‍ കാര്‍ വില്‍പന പരസ്യം ഏതാനും ദിവസമായി തുടരുന്നുണ്ടെന്നാണ് അനുഭവസ്ഥർ പറയുന്നത്. ബന്ധപ്പെടേണ്ട വ്യക്തിയുടെ പേരും സ്ഥലവും എല്ലാ ദിവസവും വ്യത്യാസപ്പെടുത്തിയാണ് പരസ്യം നൽകുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആരും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കരുതെന്ന് സാമൂഹ്യ പ്രവർത്തകർ ഓർമ്മപ്പെടുത്തുന്നു.




