മക്ക: ആഗോളതലത്തിലും അറബികൾക്കിടയിലും പ്രാദേശികമായും ഖുർആനുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു വിസ്മയ ശബ്ദം, ഇരു ഹറമുകളിലും എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾക്ക് ഏറെ ആസ്വാദാനം നൽകുന്ന ശബ്ദത്തിനുടമ, വിശ്വാസികളുടെ ഹൃദയങ്ങളിൽ സ്പർശിക്കുന്നതും മധുരമായ പാരായണത്താലും ശ്രുതിമധുരമായ ശബ്ദത്താലും അവരുടെ കണ്ണുകളെ ഈറനണിയിക്കുന്ന ശബ്ദത്തിനുടമ, അതാണ് ശൈഖ് അബ്ദുറഹ്മാൻ അൽ സുദൈസ്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹിജ്റ 1382 ഖസിം മേഖലയിലെ അൽ ബക്രിയാ ഗവർണറേറ്റിൽ ജനിച്ച അബു അബ്ദുല്ല എന്ന് വിളിപ്പേരുള്ള അബ്ദുൽ റഹ്മാൻ ഇബ്നു അബ്ദുല്ല ഇബ്ൻ മുഹമ്മദ് ഇബ്ൻ അബ്ദുൽ അസീസ് ഇബ്ൻ മുഹമ്മദ് ഇബ്നു അബ്ദുല്ല അൽ സുദൈസ് ആണ് ഈ മനോഹര ശബ്ദത്തിനുടമ. ഇവിടെ നിന്നാണ് ഏറ്റവും പ്രശസ്തനായ ശൈഖും അറിയപ്പെടുന്ന ഖുർആൻ പാരായണക്കാരനുമായി മാറിയത്.
റിയാദിലെ വിശുദ്ധ ഖുർആൻ മനഃപാഠമാക്കുന്നതിനുള്ള ക്ലാസിൽ മാതാപിതാക്കളുടെ ശ്രമങ്ങൾക്ക് വഴങ്ങിയാണ്, 12-ാം വയസ്സിൽ, അബ്ദുൽ റഹ്മാൻ അൽ-സുദൈസ് വിശുദ്ധ ഖുർആൻ മനപാഠമാക്കൽ പൂർത്തിയാക്കിയത്. ശൈയ്ഖ് അബ്ദുൽ റഹ്മാൻ ബിൻ അബ്ദുല്ല അൽ ഫരിയാൻ, ശൈയ്ഖ് മുഹമ്മദ് അബ്ദുൽ മജീദ് സക്കീർ എന്നിവരുടെ കീഴിൽ മികച്ച ഗ്രേഡുകളോടെ ഖുർആൻ മനഃപാഠമാക്കി. ആസിം അൽ-കൂഫിയുടെ ആഖ്യാനത്തോടെയാണ് അദ്ദേഹം തന്റെ മനപാഠം പൂർത്തിയാക്കിയത്.
ആ കാലഘട്ടത്തിലും അതിനുശേഷവും, ശൈഖ് മുഹമ്മദ് അലി ഹസ്സൻ ഉൾപ്പെടെയുള്ള പ്രമുഖ വായനക്കാരെയും മനഃപാഠക്കാരെയും അൽ-സുദൈസ് ഉദാഹരണമായി എടുക്കാറുണ്ടായിരുന്നു. അവരെപ്പോലെയാകാൻ താൻ അവരെ ഒരു റോൾ മോഡലായി കണ്ടുവെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. പിന്നീട് ശരീഅത്ത് പഠന ശേഷം ഹിജ്റ 1403-ൽ റിയാദിലെ ശരീഅ കോളേജിൽ നിന്ന് ബിരുദം കരസ്ഥമാക്കി.
പഠനവും അധ്യാപനവും
ബിരുദ ശേഷം അൽ സുദൈസിനെ ശരീഅ കോളേജിൽ ടീച്ചിംഗ് അസിസ്റ്റന്റായി നിയമിച്ചു. അതേ സമയം പ്രിപ്പറേറ്ററി സ്റ്റേജിൽ മികച്ച ഗ്രേഡോടെ വിജയിക്കുകയും തുടർന്ന് ഇമാം, പ്രഭാഷകൻ, ഖുർആൻ പാരായണം എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്തു. റിയാദ് നഗരത്തിലെ നിരവധി പള്ളികളിൽ ഇമാം ആയിട്ടുണ്ട്. ശൈഖ് അബ്ദുൾ റാസിഖ് അഫീഫി മസ്ജിദ് ആയിരുന്നു അതിൽ അവസാനത്തേത്.
1408-ൽ ശൈഖ് അൽ-സുദൈസ്, ഇമാം മുഹമ്മദ് ബിൻ സഊദ് ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയിലെ ശരീഅ കോളേജിൽ നിന്ന് മികച്ച ഗ്രേഡുകളോടെ ബിരുദാനന്തര ബിരുദം നേടി. 1416-ൽ പിന്നീട് ഇമാം മുഹമ്മദ് ബിൻ സഊദ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് “The Clear Fiqh of Usul al-Fiqh by Abu al-Wafa’ Ibn Aqil al-Hanbali: An Investigation Study”എന്ന വിഷയത്തിൽ മികച്ച ഗ്രേഡുകളോടെ ഡോക്ടറേറ്റ് നേടി. ശേഷം ശരീഅഃ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമിതനായി.
ഹറം പള്ളിയിലെ അൽ-സുദൈസ്
ഹിജ്റ 1404-ലെ ശഅബാനിലാണ് അൽ-സുദൈസിനെ ഗ്രാൻഡ് മസ്ജിദിൽ ഇമാമും പ്രഭാഷകനുമായി നിയമിക്കുന്നത്. അങ്ങനെ അദ്ദേഹം ഹറമിലെ ഏറ്റവും പ്രായം കുറഞ്ഞ ഇമാമുമായി. 22 വയസ്സ് മാത്രമായിരുന്നു അന്ന് അദേഹത്തിന്റെ പ്രായം. അതേ വർഷം റമദാനിൽ ആയിരുന്നു അദേഹത്തിന്റെ ആദ്യ പ്രാർത്ഥന നേതൃത്വം.
പിന്നീട് ഹിജ്റ 6/16/1433 ചൊവ്വാഴ്ച, അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ സഊദ് രാജാവിന്റെ രാജകൽപ്പന പ്രകാരം അൽ സുദൈസിനെ മക്ക മസ്ജിദുൽ ഹറാമിനും മദീന മസ്ജിദുന്നബവിക്കുമായുള്ള ഇരു ഹറം കാര്യാലയ വകുപ്പ് മേധാവിയായി നിയമിച്ചു.
ഇപ്പോൾ എല്ലാ വർഷവും വിശുദ്ധ റമദാനിലെ സജീവ സാനിധ്യവും വിശ്വാസികളുടെ കർണ്ണ പുടങ്ങളെ മനോഹരമാക്കുന്ന ഖുർആൻ പാരായണവും ചെയ്ത് ഏവരെയും കോരിതരിപ്പിക്കുകയാണ് ശൈഖ് സുദൈസ്. കഴിഞ്ഞ നാല്പതു വർഷമായി ഇത് തുടരുന്നു. റമദാൻ അവസാന രാത്രികളിൽ പ്രത്യേകിച്ച് ഇരുപത്തി ഏഴാം രാവ്, ഇരുപത്തി ഒൻപതാം രാവ്, ഖത്മുൽ ഖുർആൻ എന്നിങ്ങനെ പ്രധാന ദിനങ്ങളിലെ പ്രാർത്ഥനകൾക്ക് സുദൈസ് ആണ് നേതൃത്വം നൽകുന്നത്. ഹൃദയം വിതുമ്പുന്ന വേദനയോടെയുള്ള ഈ പ്രാർത്ഥനകൾ ഏവരും ആഗ്രഹിക്കുന്നതാണ്.