റിയാദ്: സഊദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, “നജ്ം” ഇൻഷുറൻസ് സേവന കമ്പനിയുമായി സഹകരിച്ച് ചെറിയ ട്രാഫിക് അപകടങ്ങൾക്കുള്ള റിമോട്ട് ഇൻസ്പെക്ഷൻ സേവനം ആരംഭിച്ചു. ഇതിന്റെ ആദ്യ ഘട്ടം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മരണമോ പരിക്കുകളോ ഇല്ലാത്ത ചെറിയ അപകടങ്ങൾക്കാണ് റിമോട്ട് ഇൻസ്പെക്ഷൻ സേവനംഉപയോഗിക്കാനാകുക. അപകടത്തിൽ പെട്ടവർക്ക് ഇൻഷുറൻസ് ഉണ്ടായിരിക്കണമെന്നും നജ്മിന്റെ അധികാര പരിധിയിൽ വരുന്ന സ്ഥലത്ത് നടക്കുന്ന അപകടങ്ങൾ ആയിരിക്കണമെന്നും ഇതിന്റെ ചട്ടങ്ങളിൽ വ്യക്തമാക്കുന്നു. അപകടങ്ങളുടെ ഫലമായി ഉണ്ടാകുന്ന ട്രാഫിക് ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായാണ് ആപ്ലിക്കേഷൻ വഴി റിമോട്ട് ഇൻസ്പെക്ഷൻ സേവനം നടപ്പിലാക്കുന്നത്.
നജ്ം ആപ്പ് വഴിയാണ് സേവനം ലഭ്യമാകുക. ഏത് സ്ഥലത്തുനിന്നും ഏത് സമയത്തും ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി സ്വയം സേവനങ്ങൾ പൂർത്തിയാക്കുന്നതിനുമുള്ള അടിസ്ഥാന ചാനലായി നജ്ം ആപ്ലിക്കേഷൻ മാറും, കൂടാതെ അപകടാനന്തര സേവനങ്ങൾ സുഗമമാക്കുന്നതിനും റോഡിലെ തിരക്ക് കുറയ്ക്കുന്നതിനും ഇത് ഏറെ സഹായകരമാകും. അത്യാധുനിക സാങ്കേതിക വിദ്യകളോടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനങ്ങളോടെയുമാണ് നടപടികൾ പൂർത്തീകരിക്കുക.
രാജ്യത്തെ വാഹന ഇൻഷുറൻസ് മേഖലയുടെ സേവനങ്ങൾ വികസിപ്പിക്കുന്നതിനുള്ള നജ്മിന്റെ തന്ത്രത്തിന് അനുസൃതമായാണ് വിദൂര പരിശോധന സംരംഭത്തിന്റെ ആദ്യ ഘട്ടം ആരംഭിക്കുന്നതെന്ന് നജ്ം കമ്പനിയുടെ സിഇഒ ഡോ. മുഹമ്മദ് അൽ-സുലൈമാൻ പറഞ്ഞു.




