നാലാം ഡോസും തവക്കൽന സ്റ്റാറ്റസ്സും: ആരോഗ്യ മന്ത്രാലയ വിശദീകരണം

0
5980

റിയാദ്: ബൂസ്റ്റർ ഡോസ് എടുത്ത് 6 മാസത്തിന് ശേഷം തവക്കൽന ആരോഗ്യനിലയിൽ “പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടില്ല” എന്ന സ്റ്റാറ്റസ് വരുമെന്ന പ്രചാരണത്തിൽ വിശദീകരണവുമായി സഊദി ആരോഗ്യ മന്ത്രാലയം. 60 വയസ്സിനു മുകളിലുള്ളവർക്ക് നാലാമത്തെ ഡോസ് നൽകാൻ മന്ത്രാലയം തീരുമാനിച്ചതായുള്ള വാർത്തയിലും ആരോഗ്യ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ഡോ: അബ്ദുല്ല അസിരി വ്യക്തത വരുത്തി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

18 വയസും അതിൽ കൂടുതലുമുള്ള എല്ലാവർക്കും രണ്ട് അടിസ്ഥാന ഡോസുകളും ഒരു ബൂസ്റ്റർ ഡോസും നേടുക എന്നതാണ് പൂർത്തീകരിച്ച പ്രതിരോധ കുത്തിവയ്പ്പിന്റെ നിർവ്വചനം. നിലവിൽ ബൂസ്റ്റർ ഡോസ് അടക്കം മൂന്ന് ഡോസുകളാണ് ഇമ്മ്യൂൺ സ്റ്റാറ്റസ് നേടാൻ വേണ്ടത്. ഈ വിഷയത്തിൽ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ലെന്ന് അസിരി അറിയിച്ചു.

60 വയസ്സിനു മുകളിലുള്ളവർക്ക് നാലാം ഡോസ് കൊറോണ വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യം പൂർണ്ണമായും തെറ്റാണെന്ന് അസിരി സ്ഥിരീകരിച്ചു. രാജ്യത്തെ പൊതുജനങ്ങൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ ലഭിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.