ജിദ്ദ എയർപോർട്ടിലേക്ക് ബസ് സർവ്വീസ് ആരംഭിക്കുന്നു, നഗരത്തിൽ വിവിധയിടങ്ങളിൽ സ്റ്റോപ്പുകൾ

0
4428

ജിദ്ദ: ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും ബസ് സർവ്വീസുമായി ജിദ്ദ ട്രാൻസ്‌പോർട്ട് കമ്പനി. ജിദ്ദയുടെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് എയർപോർട്ടിലേക്ക് നടത്തുന്ന സർവ്വീസ് ഏറെ ആശ്വാസമായിരിക്കും.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിന്റെ മേൽനോട്ടം വഹിക്കുന്ന എയർപോർട്ട് കമ്പനിയും സഊദി പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിയായ “സാപ്‌റ്റ്‌കോ” എന്നിവയുമായി സഹകരിച്ച് ജിദ്ദ ട്രാൻസ്‌പോർട്ട് കമ്പനി അടുത്ത ഞായറാഴ്ച മുതലാണ് സർവീസ് ആരംഭിക്കുന്നത്.

കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിനുള്ളിലെ എക്‌സ്‌പ്രസ് ബസ് സർവീസ് ആഴ്ചയിൽ മുഴുവൻ സമയവും പ്രവർത്തിക്കുമെന്നും സിറ്റി സെന്ററുമായി ബന്ധിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. പതിനഞ്ചു റിയാലിൽ കവിയാത്ത ചാർജ് ആയിരിക്കും ഈടാക്കുക. ടെർമിനൽ 1 ഉടൻ നോർത്ത് ടെർമിനലുമായി ബന്ധിപ്പിക്കും. അൽ ബലദിലെ ബസ്സ്റ്റേഷനിലെ മൂന്ന് സാപ്‌റ്റ്‌കോ സ്റ്റേഷനുകളിൽ സർവ്വീസ് എത്തിച്ചേരും. ഫ്ലമിംഗോ മാളിന് സമീപവും അൽ അൻദലുസ് മാളിന് സമീപവും അൽ ബാഗ്ദാദിയ ഡിസ്ട്രിക്റ്റ് 7-ൽ ഇറങ്ങുന്ന അൽ-മദീന റോഡിലുമായിരിക്കും സ്റ്റോപ്പുകൾ.

വികലാംഗർക്കായി പ്രത്യേക സീറ്റുകൾ, ട്രാവൽ ബാഗുകൾ വയ്ക്കാൻ പ്രത്യേക സ്ഥലങ്ങൾ എന്നിവക്കൊപ്പം 33 പേർക്ക് യാത്ര ചെയ്യാവുന്ന തരത്തിലാണ് ബസുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബസ് സർവ്വീസ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് എയർപോർട്ടിനുള്ളിൽ നിശ്ചയിച്ചിട്ടുള്ള നിരവധി സെയിൽസ് പോയിന്റുകൾ വഴിയോ SAPTCO ആപ്ലിക്കേഷൻ ഉപയോഗിച്ചോ ടിക്കറ്റ് വാങ്ങാം.