സഊദിയിൽ ഹൗസ് ഡ്രൈവർമാർ അടക്കം ഗാർഹിക തൊഴിലാളി കരാറുകൾക്ക് ഇൻഷുറൻസ് അടുത്ത മാസം പ്രാബല്യത്തിൽ

0
3584

റിയാദ്: സഊദിയിൽ ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളി കരാറുകൾക്കുള്ള ഇൻഷുറൻസ് തീരുമാനം അടുത്ത മാസം (ശവ്വാൽ) മുതൽ നടപ്പാക്കി തുടങ്ങാൻ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് സഊദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നീക്കം നടത്തുന്നു. സഊദി സെൻട്രൽ ബാങ്ക് സാമയുടെ സഹകരണത്തോടെ, ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കരാറുകളിൽ ഇൻഷുറൻസ് തീരുമാനമാണ് നടപ്പിൽ വരുത്തുക.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇൻഷുറൻസ് കമ്പനികളെ ലേബർ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട “മുസാനിദ്” പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കുന്ന കാര്യത്തിൽ ഗാർഹിക തൊഴിൽ കരാറുകളുടെ ഇൻഷുറൻസ് നടപടിക്രമങ്ങൾ അന്തിമമാക്കാൻ മന്ത്രാലയം നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. റിക്രൂട്ട്‌മെന്റ് കരാറുകൾക്ക് ഇൻഷുറൻസ് പോളിസി ഇഷ്യു ചെയ്യാനുള്ള സിസ്റ്റത്തിന്റെ സുസജ്ജത ഉറപ്പുവരുത്താൻ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങൾക്കുള്ള മുസാനിദ് പ്രോഗ്രാം മന്ത്രാലയം പരീക്ഷിച്ചു വരികയാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

ഗാർഹിക തൊഴിൽ കരാറിലെ ഇൻഷുറൻസ് ഗുണഭോക്താവിന് റിക്രൂട്ട്‌മെന്റ് ചെലവുകളുടെ തുക നഷ്ടപരിഹാരം ലഭിക്കുന്നതിന് സഹായകരമാകും. ഗാർഹിക തൊഴിലാളികൾ ഒളിച്ചോടുകയോ ജോലിക്ക് വിസമ്മതിക്കുകയോ ചെയ്യുന്ന പക്ഷം ഗുണഭോക്താക്കൾക്ക് ഇൻഷുറൻസ് കമ്പനികളിൽ നിന്ന് റിക്രൂട്ട്‌മെന്റ് ചെലവ് ഇനത്തിൽ നഷ്ടപരിഹാരം ലഭിക്കാൻ പുതിയ തീരുമാനം സഹായകമാകും.

സ്‌പോൺസർ കൃത്യമായി വേതനം വിതരണം ചെയ്യാത്ത പക്ഷം വേലക്കാരിക്ക് വേതന കുടിശ്ശിക ഇനത്തിലെ പണം ഇൻഷുറൻസ് പോളിസി പ്രകാരം ലഭിക്കും. വേലക്കാരിക്ക് കൃത്യമായി വേതനം വിതരണം ചെയ്യൽ അടക്കമുള്ള പോളിസി വ്യവസ്ഥകൾ സ്‌പോൺസർ പാലിക്കുന്ന പക്ഷം പോളിസി പുതുക്കുമ്പോൾ നിശ്ചിത അനുപാതം ഇളവ് ലഭിക്കുകയും ചെയ്യും.

സഊദിയിൽ ഗാർഹിക തൊഴിലാളികൾക്കും ലെവി ഏർപ്പെടുത്തി