റിയാദിൽ വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച് യുവാവിന്റെ പരാക്രമം: രണ്ട് സുരക്ഷ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

0
4078

റിയാദ്: തലസ്ഥാനത്തെ തിരക്കേറിയ റോഡിൽ എതിർ ദിശയിൽ വാഹനം ഓടിച്ച് നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം. ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചയാളെ കീഴ്പ്പെടുത്താൻ ശ്രമം നടത്താത്തതിനെ തുടർന്നാണ് ഇവർക്കെതിരെ അന്വേഷിക്കാൻ റിയാദ് പോലീസ് നിർദ്ദേശം നൽകിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംഭവത്തിൽ 11 വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. നാട്ടുകാർ ഏറെ പണി പെട്ടാണ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച യുവാവിനെ കീഴ്പ്പെടുത്തിയത്. ഇദ്ദേഹത്തെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ അനാസ്ഥ കാണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് പ്രോസിക്യൂട്ട് ചെയ്യാൻ നിർദ്ദേശം നൽകിയതായി റിയാദ് പോലീസ് മാധ്യമ വക്താവ് പറഞ്ഞു.

ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കുറ്റവാളിയുടെ വാഹനത്തിന്റെ ടയറുകളിൽ വെടിവെച്ച് സാഹചര്യത്തിനനുസരിച്ച് കുറ്റവാളിയെ തടയാൻ തങ്ങൾക്ക് നൽകിയ അധികാരം ഉപയോഗിച്ചില്ലെന്നും പോരായ്മകൾ കണ്ടെത്തി വീഴ്ച വരുത്തിയവരെ കണ്ടെത്തുമെന്നും വക്താവ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് നിരവധി കാറുകളിൽ ബോധപൂർവം കൂട്ടിയിടിപ്പിച്ച സംഭവം അരങ്ങേറിയത്. ശേഷം ഡ്രൈവർ രക്ഷപ്പെടാൻ നടത്തിയ ശ്രമം തടയാൻ നിരവധി പൗരന്മാർ ജീവൻ പണയം വെച്ച് ശ്രമിക്കുന്നത് വ്യക്തമാക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.