ഫോബ്സ് പട്ടിക: മലയാളികളിൽ അതിസമ്പന്നരിൽ എം എ യൂസുഫലി ഒന്നാമത്

0
3926

ആഗോള തലത്തിൽ ജെഫ് ബെസോസിനെ പിന്തള്ളി ഇലൺ മസ്‌ക് ഫോബ്‌സ് അതിസമ്പന്നൻ

ദുബൈ: ലോകത്തെ അതിസമ്പന്നരുടെ പട്ടിക പുറത്ത് വിട്ട് ഫോബ്സ് മാസിക. ഈ വർഷത്തെ ഫോബ്സ് പട്ടികയിൽ മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി തന്നെയാണ് ഒന്നാമത്. ആഗോളതലത്തിൽ 49 ആം സ്ഥാനം നേടിയ എം എ യൂസുഫലിയുടെ ആസ്തി 540 കോടി ഡോളറാണ്. ഇന്ത്യയിൽ നിന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ലോക സമ്പന്നരിൽ പത്താം സ്ഥാനത്തുണ്ട്. ഗൗതം അദാനിയും ലോകത്തിലെ അതിസമ്പന്നരിൽ ഇന്ത്യയിലെ ഉന്നത സ്ഥാനങ്ങളിലെത്തി. 90.7 ബില്യൻ ഡോളറാണ് അംബാനിയുടെ ആസ്തി. അദാനിയുടെ ആസ്തി 90 ബില്യൻ ഡോളറും.

ഇൻഫോസിസിന്‍റെ എസ്. ഗോപാലകൃഷ്ണനാണ് (410 കോടി ഡോളർ) മലയാളികളിൽ രണ്ടാമൻ. ബൈജൂസ് ആപ്പിന്‍റെ ബൈജു രവീന്ദ്രൻ (360 കോടി ഡോളർ), രവി പിള്ള (260 കോടി ഡോളർ), എസ്.ഡി. ഷിബുലാൽ (220 കോടി ഡോളർ), യു.എ.ഇ ആസ്ഥാനമായ ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി (210 കോടി ഡോളർ), ജോയ് ആലുക്കാസ് (190 കോടി ഡോളർ), മുത്തൂറ്റ് കുടുംബം (ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ്, ജോർജ്ജ് ജേക്കബ് മുത്തൂറ്റ്, ജോർജ്ജ് തോമസ് മുത്തൂറ്റ്, സാറ ജോർജ്ജ് മുത്തൂറ്റ്- 140 കോടി ഡോളർ) എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച മറ്റ് മലയാളികൾ.

എച്ച്.സി.എൽ സ്ഥാപകൻ ശിവ് നാടാർ (2870 കോടി ഡോളർ), വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ സൈറസ് പൂനാവാല (2430 കോടി ഡോളർ), റീട്ടെയിൽ ഫാഷൻ രംഗത്തെ രാധാകിഷൻ ദമാനി (2000 കോടി ഡോളർ) എന്നിവരും ഇന്ത്യയുടെ പ്രതിനിധികളായി പട്ടികയിലുണ്ട്.

ആമസോൺ സി.ഇ.ഒ ജെഫ് ബെസോസിനെ പിന്തള്ളി ടെസ്‌ല മേധാവി ഇലൺ മസ്‌ക് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്തുള്ള ബെസോസിന്റെ ആസ്തി 171 ബില്യൻ ഡോളറുമാണ്. ഫ്രഞ്ച് ഫാഷൻ ഭീമന്മാരായ ബെർനാഡ് അർനോൾട്ട് കുടുംബം 158 ബില്യൻ ഡോളറിന്റെ ആസ്തിയുമായി മൂന്നാം സ്ഥാനത്തുമെത്തി. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്(129 ബില്യൻ ഡോളർ) നാലും നിക്ഷേപ ഗുരു വാറൻ ബഫറ്റ്(118 ബില്യൻ ഡോളർ) അഞ്ചും സ്ഥാനത്തുണ്ട്.,