ഇങ്ങനെയുമുണ്ട് സ്പോൺസർമാർ; നാട്ടിൽ കുടുങ്ങിയ കാശ്മീർ സ്വദേശിക്ക് സ്പോൺസർ നൽകിയത് എട്ട് ലക്ഷം, ആശ്വാസമായത് മലയാളി സാമൂഹ്യ പ്രവർത്തകന്റെ ഇടപെടൽ

0
4689

ദമാം: അവധിക്ക് നാട്ടിൽ പോയി ആരോഗ്യപ്രശ്നങ്ങളാൽ തിരിച്ചു വരാൻ സാധിക്കാത്ത ഇന്ത്യക്കാരന് ആശ്വാസമായി സ്പോൺസറുടെ ഇടപെടൽ. റിയാദിൽ ജോലി ചെയ്തു കൊണ്ടിരിക്കെ നാട്ടിൽ കുടുങ്ങിയ ജമ്മു കാശ്മീർ മാങ്കോട്ട് മേന്ദർ സ്വദേശിക്കാണ് അപ്രതീക്ഷിതമായി വൻ തുക ലഭിച്ചത്. മുഹമ്മദ് യൂനുസ് രണ്ടര വർഷത്തോളമായി നാട്ടിൽ ആയതിനാൽ സ്പോൺസറുമായ ബന്ധം നഷ്ടപ്പെട്ടതോടെ മലയാളി സാമൂഹ്യ പ്രവർത്തകന്റെ ഇടപെടലാണ് പരിഹാരം കണ്ടത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദീർഘകാലം നാട്ടിൽ ആയതോടെ ഇദ്ദേഹവും തമ്മിൽ ബന്ധപ്പെടാനുളള മാർഗ്ഗങ്ങളൊന്നുമില്ലാതെ സ്പോൺസർ പ്രയാസത്തിലായിരുന്നു. തിരിച്ചു വന്നാൽ കൊടുക്കാമെന്ന നിലയിൽ ഒരു മുൻകരുതൽ എന്ന നിലക്ക് അദ്ദേഹത്തിന്നവകാശപ്പെട്ട എട്ട് ലക്ഷത്തോളം സംഖ്യ സ്പോൺസർ പിടിച്ചു വെക്കുകയായിരുന്നു. രണ്ടര വർഷമായിട്ടും ബന്ധങ്ങളൊന്നുമില്ലാതെ അനന്തമായ കാലതാമസത്താൽ സുമനസുകാരനായ സ്പോൺസർ അവസാനം റിയാദിൽ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരിയുമായി ബന്ധപ്പെട്ട് പരിഹാരം ആവശ്യപ്പെടുകയായിരുന്നു.

സാധാരണ രീതിയിൽ എംബസിയിലെ സിസ്റ്റത്തിൽ നിന്നും നാട്ടിലെ ബന്ധപ്പെടാനുള്ള മോബൈൽ നമ്പറുകൾ ലഭിക്കാറുണ്ടായിരുന്നെങ്കിലും മേൽ വിലാസം മാത്രമേ ലഭിച്ചിരുന്നുളളു. അപ്രകാരം എംബസി ഉദ്യോഗസ്ഥൻ ജുബൈലിലെ സാമൂഹ്യ പ്രവർത്തകനും ഇന്ത്യൻ എംബസി വളണ്ടിയറുമായ സൈഫുദ്ദീൻ പൊറ്റശ്ശേരിയോട് പരിഹാരമാവശ്യപ്പെടുകയായിരുന്നു. മലയാളികളടക്കം ഉൾക്കൊള്ളുന്ന വ്യത്യസ്ത വാട്ട്സപ്പ് ഗ്രൂപ്പുകളിലേക്ക് സൈഫുദ്ദീൻ പൊറ്റശ്ശേരി അദ്ദേഹത്തിന്റെ ബന്ധപ്പെടാനുള്ള മോബൈൽ നമ്പർ വെച്ച് മെസേജുകൾ അയച്ചതനുസരിച്ച് സഹൃദയരായ ഒരു പാട് പേർ സഹകരിച്ച് അന്വേഷണം നടത്തിയ പ്രകാരം അവസാനം ജിദ്ദയിൽ ഒരു മലയാളിയുടെ കൂടെ ജോലി ചെയ്തുവരുന്ന ജമ്മു കാശ്മീർ സ്വദേശി വഴിയാണ് ബന്ധപ്പെടാനുള്ള മാർഗ്ഗമുണ്ടായത്.

കിട്ടിയ നമ്പർ വെച്ച് സൈഫുദ്ദീൻ പൊറ്റശ്ശേരിയുടെ ശ്രമപ്രകാരം മുഹമ്മദ് യൂനുസുമായി വീഡിയോ കോൾ നടത്തിയപ്പോൾ ഏതാണ്ട് സംശയം തോന്നിയപ്പോൾ ഉറപ്പു വരുത്താനായി പാസ്പോർട്ട് ആധാർ കാർഡ് റേഷൻ കാർഡ് എന്നിവയുടെ കോപ്പികൾ ആവശ്യപ്പെട്ട് അയച്ചു തന്ന് ഉറപ്പ് വരുത്തി അതുപ്രകാരം ഫോൺ നമ്പർ അടക്കം രേഖകൾഇന്ത്യൻ എംബസിയിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു. തുടർന്ന് സ്വന്തം സ്പോൺസറും ഇദ്ദേഹവും തമ്മിൽ നേരിൽ വീഡിയോ കോൾ നടത്തിയപ്പോൾ ഇരു കൂട്ടർക്കും സന്തോഷമായി. പിടിച്ചു വെച്ച തുക തിരിച്ചു കൊടുക്കാൻ കഴിയാതെ മാർഗ്ഗങ്ങളൊന്നുമില്ലാതെ അസ്വസ്ഥനായിരുന്ന സ്പോൺസർക്ക് അപ്പോഴാണ് സമാധാനമായത്.

എംബസിയുമായി ബന്ധപ്പെട്ട് ഉടനെ തന്നെ പണം അയച്ചു കൊടുക്കാനുള്ള അനന്തരനടപടിയിലാണ് സ്പോൺസർ. ഇതിന് വേണ്ടി ഇടപെടൽ നടത്തിയ സൈഫുദ്ദീൻ പൊറ്റശ്ശേരിയെ എംബസിയും സ്പോൺസറും ഒരുപോലെ അഭിനന്ദിച്ചു.