മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

0
3290

ജിദ്ദ: മലപ്പുറം തിരൂരങ്ങാടി സ്വദേശിയും ഒ.ഐ.സി.സി ജിദ്ദ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റുമായിരുന്ന ഹുസൈൻ കല്ലൂപ്പറമ്പൻ (55) ജിദ്ദയിൽ നിര്യാതനായി. ചൊവ്വാഴ്ച രാത്രിയുണ്ടായ ഹൃദയാഘാതത്തെത്തുടർന്നാണ് മരണം. 30 വർഷത്തോളമായി സഊദിയിൽ വാൻ സെയിൽസ്മാൻ ആയി ജോലിചെയ്തുവരികയായിരുന്നു. ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിദ്ദീഖ് കല്ലൂപ്പറമ്പന്റെ ജ്യേഷ്ഠ സഹോദരനാണ്.

വിവരമറിഞ്ഞു റിയാദിൽ നിന്നും സിദ്ദീഖ് ജിദ്ദയിലെത്തിയിട്ടുണ്ട്. പിതാവ്: പരേതനായ മുഹമ്മദ്, മാതാവ്: ഹലീമ, ഭാര്യ: ആരിഫ, മക്കൾ: ആഫിയ, അൻസിലത്ത്, ഹുസ്ന നസ്‌റിൻ, മുഹമ്മദ് ഇബ്രാഹിം, മുഹമ്മദ് സയാൻ. മയ്യിത്ത് സഊദിയിൽ ഖബറടക്കുന്നതിനുള്ള നടപടികൾ നടന്നു വരികയാണ്. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സഹോദരൻ സിദ്ധീഖിനോടൊപ്പം കെ.എം.സി.സി, ഒ.ഐ.സി.സി പ്രവർത്തകർ രംഗത്തുണ്ട്.