റിയാദ്: മലയാളികൾക്ക് അഭിമാനമായി മറ്റൊരു KL രജിസ്ട്രേഷൻ വാഹനവും സഊദി മണ്ണിൽ. വ്ലോഗറും സഞ്ചാരിയുമായ ദിൽഷാദ് ആണ് മണൽ കാടുകളെ വകഞ്ഞു മാറ്റി ഒമാൻ വഴി സഊദി അറേബ്യൻ മണ്ണിലെത്തിയത്. തന്റെ KL 65 M രജിസ്ട്രേഷൻ ഉള്ള റോയൽ എൻഫീൽഡ് സ്റ്റാൻഡേർഡ് 350 ബുള്ളറ്റുമായാണ് ദിൽഷാദിന്റെ ഈ മരുഭൂ സഞ്ചാരം.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ദിവസമാണ് ദിൽഷാദ് തന്റെ ഇരു ചക്ര വാഹനത്തിൽ ഒമാനിൽ നിന്ന് സഊദി അതിർത്തി കടന്നത്. വർഷങ്ങൾക്ക് മുമ്പ് ഹൗസ് ഡ്രൈവറായി ജോലിചെയ്ത സഊദിയിലേക്ക് ക്യാമറ കണ്ണുകളുമായാണ് ഇത്തവണ എത്തിയിരിക്കുന്നത്. സഊദിയിലെത്തിയ ആദ്യ കേരള ഇരുചക്ര വാഹനത്തിനു മലയാളി സംഘടനകളും മറ്റും സ്വീക്വരണവും ഒരുക്കി.

ലോകത്തിലെ തന്നെ ഏറ്റവും അപകടം പിടിച്ച റുബുഉൽഖാലി വഴിയാണ് സഊദിയിലേക്ക് പ്രവേശിച്ചത്. ഒന്നര വർഷം കൊണ്ട് 32 രാജ്യങ്ങൾ ബൈക്കിൽ ചുറ്റിക്കറങ്ങി സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് നൂറ് കണക്കിന് കിലോമീറ്റർ നീണ്ടുകിടക്കുന്ന സഊദിയിലെ ‘റുബ്ബുൽ ഖാലി’ യെന്ന മണൽ കാട് വകഞ്ഞു മാറ്റി മലപ്പുറം ചേലാമ്പ്ര പീടിയേക്കൽ വീട്ടിൽ ദിൽഷാദ് എന്ന മലയാളി സഞ്ചാരി സഊദി മണ്ണിലെത്തിയത്.

സാഹസിക സഞ്ചാരികൾക്ക് പോലും എന്നും പേടി സ്വപ്നമായിരുന്ന ‘റുബ്ബുൽ ഖാലി’ കീറിമുറിച്ചുള്ള 700 കിലോമീറ്റർ അധികം നീളമുള്ള പാത വർഷങ്ങൾ നീണ്ട ശ്രമഫലത്തിന് ശേഷം അടുത്തിടെയാണ് യാഥാർഥ്യമായാത്. ഒരു പക്ഷെ, ഇതിലൂടെ ബൈക്കിൽ സഞ്ചരിക്കുന്ന ആദ്യ യാത്രക്കാരൻ ദിൽഷാദ് ആയിരിക്കും.
ജനുവരി 29 ന് രാമനാട്ടുകരയിൽ നിന്ന് പി. അബ്ദുൾ ഹമീദ് എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്തതാണ് ദിൽഷദിന്റെ ആഗോള ബൈക്ക് യാത്ര. രാമനാട്ടുകര-മുംബൈ-ദുബൈ എന്നിങ്ങനെയാണ് ഗൾഫിലേക്കുള്ള യാത്രാ പാത. മുബൈയിൽ നിന്ന് കപ്പൽ മാർഗ്ഗമാണ് ദുബായിൽ എത്തിയത്. അവിടെ നിന്ന് ബൈക്കിൽ ഒമാനിലെത്തിയ ശേഷം അവിടെയുള്ള കാഴ്ചകൾ ഒപ്പിയെടുത്ത ശേഷമാണ് സഊദിയിലേത്തിയത്.

700 കിലോമീറ്റർ വണ്ടി ഓടിച്ചുപോയാൽ മാത്രം ജനവാസകേന്ദ്രം ലഭ്യമാകുന്ന പേടിപ്പെടുത്തുന്ന റുബ്ബുൽഖാലി’യിലൂടെയുള്ള സഊദി യാത്രക്ക്, ഒമാനിൽ നിന്ന് യാത്ര തിരിക്കുമ്പോൾ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഒറ്റ ദിവസം 900 കിലോമീറ്റർ വണ്ടിയോടിച്ചാണ് ദിൽഷാദ് സഊദി തീരത്തെത്തിയത്. എങ്കിലും തന്റെ നിശ്ചയദാർഢ്യം മുന്നിൽ നിർത്തി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു ദിൽഷദ്.
2019 ൽ എൻഫീൾഡ് സ്വന്തമാക്കിയതിന് ശേഷം ആരംഭിച്ച ദീർഘാ യാത്രയുടെ ആദ്യ ലക്ഷ്യം കാശ്മീരിലേക്കായിരുന്നു. പിന്നീട് ഇന്ത്യ മുഴുവൻ ഗ്രാമഗ്രാമന്താരങ്ങളിലുടെ സഞ്ചരിച്ചു. ഇത്തവണത്തെ വിദേശ യാത്രയിൽ യു എ ഇ, ഖത്തർ, ഒമാൻ സഊദി, ഈജിപ്ത്, സുഡാൻ, ഏതൊപ്യ, ജിബൂട്ടി, സോമാലിയ, കെനിയ, ഉഗാണ്ട, റുവാണ്ട, ബുറൂണ്ടി, താൻസാനിയ, മലാവി, മൊസാംബിക്, സിമ്പാവേ, സൗത്ത് ആഫ്രിക, ബോസ്ത്വന, നമീബിയ, അംഗോള, കോംഗോ, കാർ, കമറൂൺ, നൈജീറിയ, ബനിൻ, ടോഗോ, ഘാന, ബുർക്കിന ഫാസോ, മാലി, അൽജീറിയ, ലിബിയ എന്നീ രാജ്യങ്ങളാണ് തന്റെ KL 65 M റോയൽ എൻഫീൽഡ് സ്റ്റാൻഡേർഡ് 350 ബുള്ളറ്റുമായി ചുറ്റികറങ്ങുന്നത്.




