ന്യൂഡൽഹി: പ്രവാസികൾക്ക് ഓൺലൈൻ വോട്ടവകാശം നൽകുന്നതു കേന്ദ്രസർക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്നു നിയമ മന്ത്രി കിരൺ റിജിജു ലോക്സഭയിൽ കെ. മുരളീധരനെ അറിയിച്ചു. പ്രവാസികൾക്കു രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ അവസരമുണ്ടാക്കണമെന്നു മുരളീധരൻ ആവശ്യപ്പെട്ടിരുന്നു. പ്രവാസി ഇന്ത്യക്കാർക്ക് എങ്ങനെ വോട്ടവകാശം നൽകാൻ കഴിയും, ഓൺലൈൻ വോട്ടിങ് അനുവദിക്കാമോ എന്നീ കാര്യങ്ങൾ പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമീഷനോട് സർക്കാർ അഭ്യർഥിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തിരഞ്ഞെടുപ്പു കമ്മിഷനുമായി ഇതുസംബന്ധിച്ചു ചർച്ച ചെയ്തിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു. വോട്ടിങ്ങിന്റെ സുരക്ഷിതത്വം, സുതാര്യത, എന്നിവ കാര്യങ്ങൾ ഉറപ്പുവരുത്തി വേണം ഓൺലൈൻ സംവിധാനം തയാറാക്കേണ്ടത്. അതിനുള്ള ശ്രമത്തിലാണു കേന്ദ്ര സർക്കാരെന്നും മന്ത്രി പറഞ്ഞു. ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ്, അത്തരമൊരു സംവിധാനത്തിന്റെ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പു വരുത്തേണ്ടതുണ്ട്.
ആധാറും വോട്ടർ പട്ടികയുമായി ബന്ധിപ്പിച്ച് കള്ളവോട്ട് തടയുന്ന കാര്യവും പരിഗണനയിലുണ്ട്. ആധാർ വോട്ടർപട്ടികയുമായി ബന്ധിപ്പിക്കുന്നത് ഇപ്പോൾ നിർബന്ധമല്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഒരു രാജ്യം, ഒരു വോട്ടർ പട്ടിക എന്നതാണ് ലക്ഷ്യം. രാജ്യത്ത് നിർബന്ധിത വോട്ടിങ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മറ്റൊരു ചോദ്യത്തിനുള്ള മറുപടിയിൽ മന്ത്രി പറഞ്ഞു. ജയിലുകളിലുള്ളവർ കോടതിയുടെ അധികാര പരിധിയിലാണെന്നിരിക്കേ, തടവുകാർ വോട്ട് ചെയ്യണമെന്ന് നിർബന്ധിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.




