തട്ടിപ്പിന് വലവീശി വ്യാജ ഫോൺ കോളുകൾ വ്യാപകമാകുന്നു; പൊതുജനങ്ങൾക്ക് കടുത്ത മുന്നറിയിപ്പുമായി സഊദി വാണിജ്യ മന്ത്രാലയം

0
2654

റിയാദ്: മന്ത്രാലയ ഉദ്യോഗസ്ഥരെന്ന് നടിച്ച് പൊതുജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്ന തട്ടിപ്പുകാർക്കെതിരെ സഊദി വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. സ്വകാര്യ വിവരങ്ങളും ബാങ്കിംഗ് വിവരങ്ങളും മറ്റുള്ളവർക്ക് കൈമാറരുതെന്ന് മന്ത്രാലയം രാജ്യത്തെ മുഴുവൻ ആളുകളോടും ആവശ്യപ്പെട്ടു. പൊതുജനങ്ങളിൽ നിന്ന് അവരുടെ ബാങ്കിംഗ് അക്കൗണ്ടുകൾ, ബാങ്ക് കാർഡുകൾ, കസ്റ്റമർ വെരിഫിക്കേഷൻ നമ്പറുകൾ എന്നിവയുമായി ബന്ധപ്പെട്ട വിശദാംശങ്ങളൊന്നും ആവശ്യപ്പെടുന്നില്ലെന്ന് മന്ത്രാലയം സോഷ്യൽ മീഡിയ ഔദ്യോഗിക അക്കൗണ്ടിലൂടെ അറിയിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തട്ടിപ്പുകാർ സ്വീകരിക്കുന്ന വിവിധ തന്ത്രങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കാനും അത്തരം വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ സംബന്ധിച്ച എന്തെങ്കിലും വിവരങ്ങൾ ലഭ്യമായാൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനും ഉപഭോക്താക്കളോട് മന്ത്രാലയം അഭ്യർത്ഥിച്ചു.

തട്ടിപ്പുകാർ ഇടപാടുകാരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിക്കുന്ന സംഭവങ്ങൾ അടുത്തിടെ വർധിച്ചിട്ടുണ്ട്. ചില ഉപഭോക്താക്കൾക്ക് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തിയാണ് അബിഷിർ വിശദാംശങ്ങളിലൂടെ തട്ടിപ്പ് നടത്തുന്നത്. മറ്റ് ചിലർക്ക് സാമയിലെ ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെടുന്ന തട്ടിപ്പുകാരിൽ നിന്ന് ബാങ്കിംഗ് വിശദാംശങ്ങൾ ആവശ്യപ്പെട്ട് കോളുകൾ ലഭിക്കുകയും ചെയ്യുന്നു.

തട്ടിപ്പുകാർ നടത്തുന്ന സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകരുതെന്ന് പൗരന്മാരും പ്രവാസികളും ഉൾപ്പെടെയുള്ള ബാങ്ക് ഇടപാടുകാർക്ക് സഊദി സെൻട്രൽ ബാങ്ക് (സാമ) നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളിലേക്കോ ബാങ്കിംഗ് ഡാറ്റയിലേക്കോ പ്രവേശനം നേടുന്നതിന് അജ്ഞാതരായ സ്ഥാപനങ്ങളും വ്യക്തികളുംവ്യാജ കോളുകളും സന്ദേശങ്ങളും അയയ്ക്കുന്നതായി സാമ കണ്ടെത്തിയിട്ടുണ്ട്.

ബാങ്ക് ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തുന്ന തട്ടിപ്പുകാർ ഏതെങ്കിലും ബാങ്കിലോ ധനകാര്യ സ്ഥാപനത്തിലോ ഉൾപ്പെടാത്ത ഫോൺ നമ്പറുകളോ ഇലക്ട്രോണിക് ലിങ്കുകളോ ആണ് ഉപയോഗിക്കുന്നത്. ഈ സംഘങ്ങൾ ഉപഭോക്താക്കൾക്ക് ബാങ്കിൽ നിന്നുള്ളതാണെന്ന് തോന്നുന്ന തരത്തിൽ ഇ മെയിലുകളും സന്ദേശങ്ങളും അയക്കുകയും അതിൽ ലോഗിൻ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നതും പതിവാണ്. ആദ്യം, അവർ ഉപഭോക്താക്കളുടെ ഫോൺ നമ്പറുകൾ ശേഖരിക്കുകയും തുടർന്ന് അവരെ ഫോണിൽ ബന്ധപ്പെടുകയും ചെയ്യുകയും നിയന്ത്രണ നടപടികളുടെ ഭാഗമായി അവരുടെ ബാങ്ക് അക്കൗണ്ടോ എടിഎം കാർഡോ ഉടനടി അപ്‌ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയുമാണ് ചെയുന്നത്.

വിളിക്കുന്നയാൾ ബാങ്കിന്റെ ആസ്ഥാനത്ത് നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തുകയും തുടർന്ന് അവരുടെ എടിഎം കാർഡിന്റെ ആദ്യ നാല് അക്കങ്ങൾ വായിക്കുകയും സ്ഥിരീകരണത്തിനായി ബാക്കിയുള്ള രഹസ്യ സന്ദേശ കോഡുകൾ നൽകാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാൽ, നിഷ്കളങ്കനായ ഉപഭോക്താവ് തനിക്ക് ലഭിക്കുന്ന OTP കൈമാറുന്നതോടെ നിമിഷങ്ങൾക്കകം അകൗണ്ടിലേക്ക് കയറിക്കൂടുന്ന തട്ടിപ്പ് സംഘം അകൗണ്ടിലെ തുക അടിച്ചു മാറ്റുകയാണ് പതിവ്.

ബാങ്കിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് ആവശ്യപെട്ട് ബാങ്ക് ഉദ്യോഗസ്ഥർ ആരെയും നേരിട്ട് ബന്ധപ്പെടാറില്ല. ഇനി ബന്ധപ്പെട്ടാൽ തന്നെ ഫോണിലൂടെ വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെടുകയുമില്ല. തങ്ങളുടെ ബാങ്കിങ് വിവരങ്ങളോ മറ്റു വ്യക്തിഗത വിവരങ്ങളോ അപ്‌ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോളുകളോ സന്ദേശങ്ങളോ വന്നാൽ, ഉടൻ തന്നെ കോൾ കട്ട് ചെയ്‌തു തങ്ങളുടെ ബാങ്ക് ബ്രാഞ്ചുമായി നേരിട്ട് ചെന്ന് ബന്ധപ്പെട്ട് അന്വേഷിക്കുകയും ആവശ്യമെങ്കിൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുകയാണ് വേണ്ടത്. എങ്കിൽ തട്ടിപ്പിൽ നിന്ന് രക്ഷ നേടാനാകും.