‘മലപ്പുറം മനസ്സ്’ രണ്ടാം പതിപ്പ് പ്രകാശനം നാളെ

ജിദ്ദ: മലപ്പുറം ജില്ലയിലെ മതസൗഹാർദ്ദ കഥകൾ തേടിയുള്ള വാർത്തായാത്രയുടെ പുസ്തകം ‘മലപ്പുറം മനസ്സ്’ രണ്ടാം പതിപ്പ് മാർച്ച് 25 വെള്ളിയാഴ്ച പ്രകാശനം ചെയ്യുമെന്ന് ജിദ്ദ – മലപ്പുറം ജില്ല കെ എം സി സി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. വെള്ളി രാവിലെ 10.30ന് മലപ്പുറം പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ കേരള പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും ചേർന്ന് പുസ്തകം പ്രകാശനം ചെയ്യും. പുരോഗമന കലാസാഹിത്യസംഘം നേതാവും കവിയുമായ മണമ്പൂർ രാജൻ ബാബു പുസ്തക പരിചയം നടത്തും.

നേരത്തെ ഒന്നാം പതിപ്പിന്റ പ്രകാശനം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വൈസ് കോൺസൽ പി. ഹരിദാസൻ മലയാളം ന്യൂസ് എഡിറ്റർ മുസാഫിറിന് കോപ്പി നൽകി ജിദ്ദയിൽ പ്രകാശനം ചെയ്തിരുന്നു.

കെഎംസിസി പുസ്തക പ്രസിദ്ധീകരണത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി കെഎംസിസി ജിദ്ദ- മലപ്പുറം ജില്ല കമ്മിറ്റിയുടെ കീഴ്ഘടകമായ ‘ആസ്പെയർ ബുക്സ്’ ആണ് ‘മലപ്പുറം മനസ്സ്’ പ്രസിദ്ധീകരിക്കുന്നത്.

മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റും മലയാള മനോരമ സീനിയർ സബ് എഡിറ്ററുമായ ശംസുദ്ദീൻ മുബാറക് ആണ് പുസ്തകത്തിന്റെ രചയിതാവ്. മതത്തിനും ജാതിക്കും രാഷ്ട്രീയത്തിനും അപ്പുറം മലപ്പുറത്തിന്റെ നന്മയും സ്നേഹപാരമ്പര്യവും നിറഞ്ഞ നൂറോളം വാർത്താ ഫീച്ചറുകളാണ് പുസ്തകത്തിൽ ചിത്രങ്ങൾ സഹിതം ഉൾപ്പെടുത്തിയിരിക്കുന്നത്. രൂപീകരണം മുതൽ തെറ്റിധരിക്കപ്പെട്ട ജില്ലയാണ് മലപ്പുറം. 50 വർഷം പിന്നിട്ടിട്ടും മലപ്പുറത്തെക്കുറിച്ചുള്ള അപവാദങ്ങളും വിവാദങ്ങളും ദിനംപ്രതി വർധിക്കുകയല്ലാതെ ഒരു കുറവും വന്നിട്ടില്ല. മനുഷ്യമനസ്സുകളിൽ അർബുദം പോലെ വെറുപ്പ് പടരുന്ന ഈ കാലത്ത് മനുഷ്യസ്നേഹം മരിച്ചുപോകാതിരിക്കാനുള്ള മരുന്നാണ് ‘മലപ്പുറം മനസ്സ്’ എന്ന പുസ്തകം. മതനിരപേക്ഷതയും സാഹോദര്യവും സമഭാവനയും ഓരോ മലപ്പുറത്തുകാരന്റെയും അഭിമാനമാണെന്ന് പുസ്തകം വിളിച്ചു പറയുന്നു.

പാരമ്പര്യമായി വ്യത്യസ്‌ത സമുദായങ്ങളുടെയും വിശ്വാസങ്ങളുടെയും പ്രാദേശിക തനിമകളുടെയും സ്‌നേഹ സുഗന്ധങ്ങൾ അണിഞ്ഞു നിൽക്കുന്ന മലപ്പുറത്തിന്റെ മതേതര വഴികളിലൂടെ ഒരു വാർത്ത യാത്രയാണിത്. മലപ്പുറത്തിന്റെ യഥാർത്ഥ സ്നേഹത്തിന്റെ നേർക്കാഴ്ച വരച്ചു കാണിക്കാനുള്ള എളിയ ശ്രമം കൂടിയാണ് ഈ പുസ്തകമെന്ന് കെഎംസിസി ജിദ്ദ മലപ്പുറം ജില്ലാ ചെയർമാൻ ഹസൻ സിദ്ദീഖ് ബാബു, പ്രസിഡന്റ് പി.എം.എ.ഗഫൂർ പട്ടിക്കാട്, ട്രഷറർ മജീദ് അരിമ്പ്ര, നൗഫൽ ഉള്ളാടൻ, ശംസുദ്ദീൻ മുബാറക് എന്നിവർ പറഞ്ഞു.