മാസ്ക് ധരിക്കുന്നതിൽ കേന്ദ്ര ആരോഗ്യമന്ത്രാലയ വിശദീകരണം, ധരിക്കണം പക്ഷെ, കേസില്ല

0
1738

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് നടപ്പാക്കിയ നിയന്ത്രണങ്ങളിൽ നിന്ന് മാസ്ക് ധരിക്കുന്നത് ഒഴിവാക്കിയെന്ന വാർത്ത നിഷേധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മാസ്ക് ധരിക്കാത്തതിന്റെ പേരിൽ കേസെടുക്കുന്നത് ഒഴിവാക്കിയിട്ടുണ്ടെന്നും മാസ്ക് ധരിക്കുന്നത് തുടരണമെന്നും ഇക്കാര്യത്തിൽ ഇളവ് നൽകില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദമാക്കി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊവിഡ് ചട്ടങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കുന്നത് അവസാനിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. ഇതനുസരിച്ച് മാസ്ക് ധരിച്ചില്ലെങ്കിലോ കൂട്ടം കൂടിയാലോ ഇനി ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കില്ല. കേന്ദ്ര സർക്കാരിന്റെ പുതിയ നിർദേശം ലഭിച്ചതോടെ കൊവിഡ് ചട്ടങ്ങളിൽ വ്യക്തത വരുത്തി കേരളം പുതുക്കിയ ഉത്തരവ് ഇറക്കും. 

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട 2005 ലെ ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടികള്‍ അവസാനിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചിരുന്നു. മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇതോടെ ഒഴിവാകുമെന്ന റിപ്പോര്‍ട്ടുകളാണ് ദേശീയമാധ്യമങ്ങൾ വാർത്ത നൽകിയിരുന്നത്. ഇതോടെയാണ് മാസ്‌ക് ഉപയോഗിക്കുന്നത് തുടരണമെന്ന നിര്‍ദേശവുമായി ആരോഗ്യമന്ത്രാലയം രംഗത്തെത്തിയത്.

കൊവിഡ് രോഗവ്യാപനത്തെ പ്രതിരോധിക്കാൻ 2020 ലാണ് മാസ്ക് ധരിക്കാനും കൂടിച്ചേരലുകൾ ഒഴിവാക്കാനും അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഈ നിയന്ത്രണം നടപ്പാക്കി കൊണ്ടുള്ള ഉത്തരവിന്‍റെ കാലാവധി മാർച്ച് 25 ന് അവസാനിക്കും. തുടർന്ന് ഈ നിയന്ത്രങ്ങൾ ഉണ്ടാവില്ലെന്നായിരുന്നു നേരത്തെ പുറത്തു വന്ന വിശദീകരണങ്ങൾ. എന്നാൽ, ഔദ്യോഗിക അക്കൗണ്ടിലെ ട്വീറ്റിലൂടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് നിഷേധിച്ചു.