റിയാദ്: സഊദിയിൽ റോഡപകടങ്ങളിൽ ഗണ്യമായ കുറവെന്ന് കണക്കുകൾ. ഗതാഗത, ലോജിസ്റ്റിക്‌സ് സർവ്വീസ് മന്ത്രി എഞ്ചിനീയർ സ്വാലിഹ് അൽ ജാസിർ ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷങ്ങളിൽ സഊദി ജനസംഖ്യയിൽ 100,000 ആളുകൾക്ക് 28 കേസുകൾ വരെ എന്ന തോതിലായിരുന്നു റോഡപകട മരണങ്ങൾ. എന്നാൽ, നിലവിൽ അത് 13.3 എന്നതിലേക്ക് കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സഊദി വിഷൻ യാഥാർഥ്യമാകുന്നു 2030 ഓടെ രാജ്യത്തെ റോഡപകട മരണങ്ങൾ എട്ടിൽ താഴെ കേസുകളായി കുറയ്ക്കാനാണ് സഊദി അറേബ്യ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നാഷണൽ സ്‌ട്രാറ്റജി ഫോർ ട്രാൻസ്‌പോർട്ട് ആൻഡ് ലോജിസ്റ്റിക്‌സ് സർവീസസ് ആരംഭിച്ച നിരവധി ഭരണപരിഷ്‌കാരങ്ങളുണ്ടെന്നും റോഡുകൾക്കായി ഒരു സ്വതന്ത്ര അതോറിറ്റി രൂപീകരിക്കുന്നതും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അൽ ജാസർ പറഞ്ഞു. ലോജിസ്റ്റിക് സേവനങ്ങൾക്കായി ഭാവിയിൽ ഒരു സ്വതന്ത്ര അതോറിറ്റി സ്ഥാപിക്കും. ഗതാഗത, ലോജിസ്റ്റിക് മേഖലയിൽ ഒരു ആഗോള ലോജിസ്റ്റിക് കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കുകയാണ് ലക്ഷ്യം.
ലോജിസ്റ്റിക്‌സ് പെർഫോമൻസ് ഇൻഡക്‌സിലെ മികച്ച 10 രാജ്യങ്ങളുടെ കൂട്ടത്തിൽ രാജ്യത്തെ എത്തിക്കുക എന്നതാണ് ഈ തന്ത്രത്തിന്റെ ലക്ഷ്യം. “ഈ വർഷം പകുതിയോടെ റോഡുകളുടെ അധികാരപരിധി ഗതാഗത മന്ത്രാലയത്തിനും മുനിസിപ്പാലിറ്റികൾക്കുമിടയിൽ വിഭജിക്കും. നഗരപ്രദേശത്തിനുള്ളിലെ റോഡുകൾ മുനിസിപ്പാലിറ്റിയുടെ അധികാരപരിധിയിലായിരിക്കുമെന്നും നഗരപ്രദേശത്തിന് പുറത്തുള്ള റോഡുകൾ ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രാലയത്തിൻറേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ റോഡ് ഗുണനിലവാര സൂചിക കഴിഞ്ഞ കാലയളവിൽ ഗണ്യമായി മെച്ചപ്പെട്ടു 2030 ഓടെ റോഡ് ഗുണനിലവാരത്തിൽ ആഗോളതലത്തിൽ ആറാം സ്ഥാനത്തെത്താനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. റോഡ് കോഡ് ഉൾപ്പെടെയുള്ള നിരവധി സംരംഭങ്ങൾ നടപ്പാക്കും. റോഡ് നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി പ്രത്യേക മാനദങ്ങൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.