ജിദ്ദ: ഈ വർഷം ഹജ്ജ് ചെയ്യാൻ അനുവദിക്കുന്ന തീർഥാടകരുടെ എണ്ണം ഇപ്പോൾ നടക്കുന്ന പഠനങ്ങളുടെ ഫലത്തിന് അനുസൃതമായി തീരുമാനിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ പറഞ്ഞു. ഹജ്ജിന്റെയും തീർഥാടകരുടെയും സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് പഠനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തീർഥാടകരുടെ ആരോഗ്യവും സുരക്ഷയും രാജ്യത്തെ ബന്ധപ്പെട്ട അധികാരികളുടെ മുൻഗണനകൾക്ക് മുകളിലാണെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നിലവിലെ സീസണിൽ ഉംറ തീർഥാടനം അതിന്റെ പൂർണ്ണ ശേഷിയിൽ അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. “ഉംറ തീർത്ഥാടകർക്ക് അവരുടെ കർമ്മങ്ങൾ എളുപ്പത്തിലും സുഖത്തിലും നിർവഹിക്കാൻ പ്രാപ്തമാക്കുന്നതിനായി മത്വാഫ് (വിശുദ്ധ കഅബയ്ക്ക് ചുറ്റുമുള്ള പ്രദക്ഷിണ മേഖല) പൂർണ്ണ ശേഷിയിൽ തുറക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് വിശുദ്ധ മസ്ജിദുകളിലെ പ്രാർത്ഥനകൾക്ക് പെർമിറ്റ് നൽകുന്നത് നിർത്തിയതിന് ശേഷമുള്ള തിരക്ക് ഒഴിവാക്കുകയും കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്ന തരത്തിൽ ഉംറ പെർമിറ്റ് വിതരണം പുനഃസംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഹജ്ജ്, ഉംറ മന്ത്രാലയം എക്‌സിക്യൂട്ടീവ് പ്രോഗ്രാമുകളിലൊന്നായ ദുയൂഫു അൽ റഹ്‌മാൻ പ്രോഗ്രാമിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സമ്മേളനം മക്കയിൽ നടക്കുകയാണ്. മക്ക അമീറും സൽമാൻ രാജാവിന്റെ ഉപദേശകനുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരനാണ് ഇത് ഉദ്ഘാടനം ചെയ്‌തത്.