സഊദിയിൽ 81 ഭീകരരെ വധശിക്ഷക്ക് വിധേയരാക്കി

0
4627

റിയാദ്: സഊദിയിൽ 81 ഭീകരരെ ഇന്ന് വധശിക്ഷക്ക് വിധേയരാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെയാണ് വധശിക്ഷക്ക് വിധേയരാക്കിയതെന്ന് സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 37 സഊദി പൗരന്മാർ അടക്കം 81 പേരെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്. ഏഴു യമൻ പൗരന്മാരും ഒരു സിറിയൻ പൗരനും ഇവരിൽ പെടും.

ഐഎസിലെയും അൽ ഖാഇദയിലെയും അംഗങ്ങൾ ഉൾപ്പെടെയുള്ള തീവ്രവാദ, വധശിക്ഷാ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട വ്യക്തികൾക്കെതിരെയാണ് വധശിക്ഷകൾ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സഊദി പ്രസ് ഏജൻസി (എസ്പിഎ) അറിയിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരും നിരപരാധികളായ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയതുൾപ്പെടെയുള്ള വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരും ഇവരിലുണ്ട്.

സർക്കാർ ഉദ്യോഗസ്ഥരെയും സുപ്രധാന സാമ്പത്തിക കേന്ദ്രങ്ങളെയും ലക്ഷ്യമാക്കുക, നിയമപാലകരെ കൊലപ്പെടുത്തുകയും അവരുടെ ശരീരം വികൃതമാക്കുകയും ചെയ്യുക, പോലീസ് വാഹനങ്ങളെ ലക്ഷ്യമിടാൻ കുഴിബോംബുകൾ സ്ഥാപിക്കുക എന്നിവയും അവയിൽ ഉൾപ്പെടുന്നു. തട്ടിക്കൊണ്ടുപോകൽ, പീഡനം, ബലാത്സംഗം, രാജ്യത്തേക്ക് ആയുധങ്ങളും ബോംബുകളും കടത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങളും ശിക്ഷകളിൽ ഉൾപ്പെടുന്നു.