കാറിൽ രേഖകൾ ഇല്ലാതെ എട്ടര ലക്ഷം റിയാൽ; സഊദിയിൽ മലയാളിക്ക് രണ്ട് വർഷം ജയിൽ ശിക്ഷ

0
6498

ദമാം: കാറിൽ രേഖകളില്ലാതെ പണം കണ്ടെത്തിയ കേസിൽ മലയാളിക്ക് ജയിൽ ശിക്ഷ. ദമാം ക്രിമിനൽ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരുന്ന മലയാളിയാണ് അനധികൃത പണം കൈവശം വെച്ച കേസിൽ പിടിയിലായത്. താൻ ഓടിച്ചിരുന്ന കാറിൽ രേഖകൾ ഇല്ലാത്ത നിലയിൽ ബാഗിൽ സൂക്ഷിച്ച നിലയിലാണ് എട്ടര ലക്ഷം റിയാൽ കണ്ടെത്തിയത്. രേഖകൾ സമർപ്പിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ഇദ്ദേഹത്തിനെതിരെ ദമാം ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്.

പ്രതിക്ക് രണ്ട് വർഷം ജയിൽ ശിക്ഷക്ക് പുറമെ പിടികൂടിയ അനധികൃത പണം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, പതിനായിരം റിയാൽ പിഴയും കോടതി വിധിച്ചു. അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും ഒളിച്ചോടാൻ ശ്രമിച്ചതിന് ഒരു മാസം ജയിൽ ശിക്ഷയും ഇതോടൊപ്പം അനുഭവിക്കണം. വിവിധ പത്രങ്ങളിൽ പരസ്യം ചെയ്യുന്നതോടൊപ്പം സഊദിയിൽ നിന്നും ജയിൽ ശിക്ഷ കാലാവധിക്ക് ശേഷം നാട് കടത്താനും കോടതി വിധിയിൽ പറയുന്നു. അതേസമയം, പ്രതിക്ക് മേൽക്കോടതിയിൽ അപ്പീൽ നൽകാൻ സമയം അനുവദിച്ചിട്ടുണ്ട്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രതി നാലു മാസത്തോളമായി ദമാം സെൻടൽ ജയിലിൽ കഴിയുകയാണ്. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണമെന്നും ഇത്തരം വസ്തുക്കളുമായി വരുന്നവരെ അറിഞ്ഞോ അറിയാതെയൊ സ്വന്തം വാഹനത്തിലൊ കമ്പനി വാഹനത്തിലൊ ടാക്‌സികളിലോ യാത്ര ചെയ്യാൻ അനുവദിക്കുന്നവർക്കും ശിക്ഷയിൽ തുല്ല്യപങ്കാളിത്തമായിരിക്കുമെന്ന് ദമാം ക്രിമിനൽ കോർട്ടിലെ മുഹമ്മദ് നജാത്തി പ്രവാസികളെ ഉണർത്തി.