റിയാദ്: ലോകത്തിലെ ഏറ്റവും വലിയ കമ്പനിയെന്ന വിപണി മൂല്യത്തിന്റെ പട്ടികയിൽ നിന്ന് അമേരിക്കൻ ഇലക്ട്രോണിക്സ് ഭീമനായ ആപ്പിളിനെ മറികടക്കാൻ എണ്ണ ഭീമൻ സഊദി അരാംകോയുടെ കുതിപ്പ്. മൂല്യത്തിന്റെ കാര്യത്തിൽ ഇരു കമ്പനികളും തമ്മിൽ ഏകദേശം ഒപ്പത്തിനൊപ്പമാണ് നിലവിൽ. ആപ്പിളിന്റെ മൂല്യം മറികടക്കാൻ സഊദി അരാംകോക്ക് ഉടൻ കഴിയുമെന്ന് ആഗോള സാമ്പത്തിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
2008 ന് ശേഷമുള്ള എണ്ണവിലയിലെ ഏറ്റവും ഉയർന്ന നിലയിലേക്കുള്ള വർധനയാണ് അരാംകോയ്ക്ക് ഇപ്പോൾ പ്രയോജനം ലഭിക്കുന്നത്. കമ്പനിയുടെ ഓഹരി വില രണ്ടാഴ്ചയ്ക്കുള്ളിൽ ഏകദേശം 15 ശതമാനം ഉയർന്ന് വിപണി മൂല്യം 2.3 ട്രില്യൺ ഡോളറിലെത്തി. മറുവശത്ത് ആപ്പിളിന്റെ മൂല്യത്തിന് കടുത്ത തിരിച്ചടിയും നേരിട്ടതും സ്ഥാനം ആപ്പിളിന് നഷ്ടമാകാൻ ഇടയാക്കുന്നു. ഉക്രൈനിലെ റഷ്യൻ അധിനിവേശത്തിന്റെ ഫലമായുണ്ടായ ഭൗമരാഷ്ട്രീയ അപകടങ്ങളുടെ പശ്ചാത്തലത്തിൽ പ്രശസ്ത സ്മാർട്ട്‌ഫോണായ ഐഫോൺ നിർമ്മാതാവായ ആപ്പിളിന്റെ വിഹിതം ഈ വർഷം 9 ശതമാനമാണ് കുറഞ്ഞത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഗ്രൂപ്പിൽ അംഗമാകാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നിലവിൽ അരാംകോയുടെ മൂല്യം ആപ്പിളിന്റെ മൂല്യത്തേക്കാൾ 10 ശതമാനം മാത്രമാണ് കുറവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, റഷ്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തിയതോടെ അന്താരാഷ്ട്ര എണ്ണവിലയിലെ വർധനവ് ഇതിനെ മറികടക്കുമെന്നാണ് പ്രതീക്ഷ. വിപണി മൂല്യത്തിന്റെ കാര്യത്തിൽ ഏറ്റവും വലിയ കമ്പനിയെന്ന നിലയിൽ ഒന്നാം സ്ഥാനം നേടുന്നതിന് അരാംകോയുടെ ഓഹരി വില ഉയരുന്നത് തുടരാൻ എണ്ണ മേഖലയിലെ നിലവിലെ സാഹചര്യം നിമിത്തമാകും.
ഈ മാസം അവസാനം അരാംകോ അതിന്റെ ലാഭത്തിൽ ഗണ്യമായ വർദ്ധനവ് വെളിപ്പെടുത്തുമെന്നും പ്രതീക്ഷയുണ്ട്. എണ്ണ വില ബാരലിന് 130 ഡോളർ മറികടന്നത്, ഓഹരി ഉടമകൾക്ക് ക്യാഷ് ഡിവിഡന്റ് വർദ്ധിപ്പിക്കാൻ കാരണമാകുകയും സ്റ്റോക്ക് മാർക്കറ്റിൽ അരാംകോ ഷെയർ മൂല്യം ഉയർത്തുകയും ചെയ്യും.