ജിദ്ദ: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത കേരള ജംഇയ്യുത്തുല്‍ ഉലമയുടെ അനിഷേധ്യ നേതാക്കളില്‍ ഒരാളും ചന്ദ്രിക ദിനപത്രം മാനേജിങ് ഡയറക്ടറും നിരവധി മഹല്ലുകളുടെ ഖാദിയുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ മുസ്‌ലിം എജ്യൂകേഷന്‍ സൊസൈറ്റി (എം.ഇ.എസ്) ജിദ്ദ ചാപ്റ്റര്‍ അനുശോചനം രേഖപ്പെടുത്തി. മത സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ കേരളീയ സമൂഹത്തിന് ദിശ കാണിക്കുകയും ധീരമായ നേതൃത്വം നല്‍കുകയും ചെയ്ത വ്യക്തിത്വമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്നു അനുശോചന കുറിപ്പില്‍ പറഞ്ഞു.
എല്ലാ വിഭാഗത്തെയും ഒത്തൊരുമയോടെ ചേര്‍ത്ത് നിര്‍ത്തുകയും വിവാദങ്ങളില്‍ നിന്ന് അകലംപാലിക്കുകയും ചെയ്ത സൗമ്യവ്യക്തിത്വത്തിനുടമയായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്നു അനുശോചന കുറിപ്പില്‍ പറഞ്ഞു. കേരളത്തില്‍ മത സൗഹാര്‍ദ്ദം സൂക്ഷിക്കുന്നതിലും സമുദായ ഐക്യം കെട്ടിപ്പടുക്കുന്നതിലും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നല്‍കിയ സംഭവാനകള്‍ കേരളീയ സമൂഹം എക്കാലത്തും നന്ദിപൂര്‍വ്വം ഓര്‍ക്കുന്നതാണ്.
ആയിരങ്ങള്‍ക്ക് പ്രാര്‍ത്ഥനകളിലൂടെയും സാമീപ്യത്തിലൂടെയും ആശ്വാസം നല്‍കിയ അശണരുടെ അത്താണിയായിരുന്നു അദ്ദേഹം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം നികത്താനാവാത്ത നഷ്ടമാണ് കേരളീയ സമൂഹത്തില്‍ സൃഷ്ടിച്ചിട്ടുള്ളതെന്ന് എം.ഇ.എസ്. ജിദ്ദ ചാപ്റ്റര്‍ പ്രസിഡന്റ് കെ.പി.അബ്ദുസലാം, ജനറല്‍ സെക്രട്ടറി സലാഹ് കാരാടന്‍, ട്രഷറര്‍ സലീം മുല്ലവീട്ടില്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.