റിയാദ്: സഊദി അറേബ്യയിലെ ആഭ്യന്തര യാത്രക്ക് തവക്കല്‍നാ ആപ്ലിക്കേഷനില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് നിര്‍ബന്ധമാണെന്ന് ദേശീയ വിമാന കമ്പനിയായ സഊദി എയര്‍ലൈന്‍സ് അറിയിച്ചു. തവക്കൽനയിലെ ഇമ്യൂൺ സ്റ്റാറ്റസ് ആഭ്യന്തര യാത്രക്ക് നിർബന്ധമാണെന്നും 12 വയസ്സിനു താഴെയുള്ളവർ നിബന്ധനയിൽ നിന്നൊഴിവാണെന്നും സഊദി എയർലൈൻസ് ചോദ്യത്തിന് നൽകിയ മറുപടിയിൽ വ്യക്തമാക്കി.
പൊതു ഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കുന്നവർക്ക് ഇമ്മ്യൂൺ സ്റ്റാറ്റസ്സും മാസ്കും നിർബന്ധം ആണെന്ന് പൊതു ഗതാഗത അതോറിറ്റിയും അറിയിച്ചിട്ടുണ്ട്.
നിലവിൽ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരും രണ്ടാം ഡോസെടുത്ത് എട്ട് മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ് എടുത്തവരുമാണ് ഇമ്യൂണ്‍ ആയി പരിഗണിക്കപ്പെടുന്നത്. അതേസമയം, അന്താരാഷ്ട്ര യാത്രക്ക് ഇമ്മ്യൂൺ സ്റ്റാറ്റസ് ആവശ്യമില്ല. എന്നാൽ, സഊദി പൗരന്മാർക്ക് വിദേശത്തേക്ക് പോകണമെങ്കിൽ ബൂസ്റ്റർ ഡോസ് നിർബന്ധമാണ്.
അതേ സമയം, സഊദി പ്രവാസികൾക്ക് ഇമ്യൂൺ സ്റ്റാറ്റസ് ഇല്ലെങ്കിലും സഊദിയിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്.
സഊദിയിലേക്ക് വരുന്നവർക്കുള്ള ക്വാറന്റീൻ, പിസിആർ, ആന്റിജൻ- പരിശോധന റിസൾട്ട് എന്നിവ ഒഴിവാക്കിയത് ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.




