പൊടിക്കാറ്റ്; റിയാദ് മേഖലയിൽ മാത്രം ഇന്നലെ 182 ട്രാഫിക് അപകടങ്ങൾ

0
501

റിയാദ്: അതിശക്തമായ പൊടിക്കാറ്റ് മൂലം വ്യാപക ട്രാഫിക് അപകടങ്ങൾ നടന്നതായി കണക്കുകൾ. റിയാദ് മേഖലയിൽ മാത്രം ഇന്നലെ 182 ട്രാഫിക് അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ, പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. മേഖലയിലെ സുരക്ഷാ ഓപ്പറേഷൻസ് സെന്റർ (911) ഇന്നലെ (വെള്ളിയാഴ്ച) വൈകുന്നേരം 182 വാഹനാപകടങ്ങൾ നിരീക്ഷിച്ചതായി റിയാദിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഔദ്യോഗിക വക്താവ് കേണൽ നവാഫ് അൽ-സുദൈരി പറഞ്ഞു.

റിയാദ് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വകുപ്പ് റോഡുകൾ, പ്രധാന കേന്ദ്രങ്ങൾ, തുരങ്കങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും കാഴ്ച മറക്കുന്ന പൊടിക്കാറ്റ് സമയങ്ങളിൽ വാഹന ഡ്രൈവർ അപായ ലൈറ്റുകൾ തെളിയിക്കണമെന്നും അൽ-ഇഖ്ബാരിയ ചാനലിനോട് സംസാരിക്കവെ കേണൽ അൽ-സുദൈരി ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു.

വാഹനമോടിക്കുമ്പോൾ സുരക്ഷിതമായ അകലം പാലിക്കണമെന്നും അമിതവേഗത ഒഴിവാക്കണമെന്നും എല്ലാ വാഹന ലൈറ്റുകളും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഉൾപ്പെടെയുള്ള നിർദേശങ്ങൾ പാലിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്‌തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും പൊടിക്കാറ്റ് വീശുന്നുണ്ട്. ജാഗ്രത പാലിക്കാനും ശ്രദ്ധ പുലർത്താനും വിവിധ വിഭാഗങ്ങൾ ആവശ്യപ്പെട്ടു.