സമ്പന്നതയുടെ ഉറവ; സഊദിയിലെ ആദ്യ എണ്ണക്കിണർ കണ്ടെത്തിയിട്ട് ഇന്നേക്ക് 84 വർഷം

0
2449

റിയാദ്: സഊദി അറേബ്യയിലെ ആദ്യ എണ്ണക്കിണർ കണ്ടെത്തിയിട്ട് 94 വർഷം. 1938 മാർച്ച് നാലിനായിരുന്നു രാജ്യത്തെ സമ്പന്നതയിലേക്ക് കൈപിടിച്ചുയർത്തിയ എണ്ണ സമ്പത്തിന്റെ ആദ്യ ഉറവകൾ കണ്ടെത്തിയത്. ‘ദമാം നമ്പർ 7’ എന്ന പേരിലാണ് ഈ എണ്ണക്കിണർ അറിയപ്പെടുന്നത്. മരുഭൂമിയുടെ മർമമറിയുന്ന ബിദുനി ഗോത്രത്തിൽപെട്ട ഖമിസ് ബിൻ റിംതാൻ എന്ന ഗ്രാമീണനാണ് ചരിത്രം രേഖപ്പെടുത്തിയ കണ്ടുപിടിത്തത്തിന് മുഖ്യ പങ്കുവഹിച്ചത്. പ്രശസ്ത അമേരിക്കൻ ജിയോളജിസ്റ്റായ മാക്സ് സ്റ്റെയിൻകിയുടെ സഹായിയായാണ് റിംതാൻ പ്രവർത്തിച്ചത്. സഊദിയിലെ എണ്ണക്കിണർ പര്യവേക്ഷണ വിജയത്തിെൻറ കീർത്തി സ്റ്റെയിൻസ്കിക്കാണെങ്കിലും ഇതിൽ മുഖ്യപങ്കുവഹിച്ചത് റിംതാനായിരുന്നു.

മരുഭൂപര്യവേക്ഷണത്തിൽ വിദഗ്ധനായിരുന്ന റിംതാെൻറ സഹായം മാക്സ് സ്റ്റെയിൻകിക്ക് ലഭ്യമാക്കിയത് അന്നത്തെ കിഴക്കൻ പ്രവിശ്യ ഗവർണർ അബ്ദുല്ല ബിൻ ജലവിയുടെ നിർദേശത്തെ തുടർന്നായിരുന്നു. കാലിഫോർണിയ അറേബ്യൻ സ്റ്റാൻഡേർഡ് ഓയിൽ കമ്പനി (ഇന്നത്തെ അരാംകോ) ചീഫ് ജിയോളജിസ്റ്റ് സ്റ്റെയിൻസ്കിയെ സഹായിക്കാൻ ആളെ വേണമെന്ന് കമ്പനി സഊദി അറേബ്യയോട് ആവശ്യപ്പെടുകയായിരുന്നു. മരുഭൂമിയിൽ പര്യവേക്ഷണം നടത്തുന്നതിൽ നിപുണനായിരുന്നു റിംതാൻ.

റിംഥാൻ

സഊദി അറാംകൊ ഗൈഡ് ആയി സഊദി ഗവൺമെന്റ് ആണ് ഖമീസ് ബിൻ റിംഥാനെ നിയമിച്ചത്. സഊദിയിൽ ഗവൺമെന്റ് സർവീസിലെ ആദ്യ ഗൈഡായിരുന്നു ഇദ്ദേഹം. ജുബൈലിൽനിന്ന് ദഹ്‌റാനിലേക്കും അവിടെ നിന്ന് അബ്‌ഖൈഖിലേക്കും സാർഥവാഹക സംഘങ്ങൾക്ക് വഴികാട്ടുകയായിരുന്നു പ്രധാന ചുമതല. 1934 ൽ സർക്കാർ നിയോഗിച്ച ഗൈഡ് എന്ന നിലയിൽ സഊദി അറാംകൊയെ സേവിച്ച ഖമീസ് ബിൻ റിംഥാൻ 1942 ൽ കമ്പനി ഔദ്യോഗിക ജീവനക്കാരനായി മാറുകയും കമ്പനിയുടെ പര്യവേക്ഷണ സംഘങ്ങളുടെ ചീഫ് ഗൈഡ് ആയി സേവനമനുഷ്ഠിക്കുകയും ചെയ്തു. കുഞ്ഞ് സ്വന്തം മാതാവിനെ അറിയുന്നതു പോലെ സഊദി അറേബ്യയുടെ ഭൂമിശാസ്ത്രം ഖമീസ് ബിൻ റിംഥാന് അറിയാമായിരുന്നു. ചീഫ് ഗൈഡ് എന്നോണം അമൂല്യമായ സേവനമാണ് അദ്ദേഹം സഊദി അറാംകൊക്ക് നൽകിയത്. പല സന്ദർഭങ്ങളിലും സഊദി അറേബ്യയെ കുറിച്ച തന്റെ ജ്ഞാനം ഭൂപടങ്ങളെക്കാൾ കൃത്യതയാർന്നതാണെന്ന് അദ്ദേഹം തെളിയിച്ചു.

ആദ്യ എണ്ണക്കിണർ കൃത്യമായി അടയാളപ്പെടുത്തിക്കൊടുത്തത് റിംതാനായിരുന്നു എന്ന് അമേരിക്കയിലെ ജിയോളജിസ്റ്റ് തോമസ് ബാർഗറിെൻറ ‘ഔട്ട് ഇൻ ദ ബ്ലു’ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. റിംതാന്റെ നൈപുണ്യം അമേരിക്കക്കാരിൽ വലിയ മതിപ്പുളവാക്കിയതായി പുസ്തകം പറയുന്നു. മരുഭൂമിയിലെ മണൽമലകൾ അപ്രത്യക്ഷമായി പകരം രൂപപ്പെടുന്ന വൃത്താകൃതിയിലുള്ള ഗർത്തം എണ്ണക്കിണറിന്റെ അടയാളമാണെന്ന് റിംതാനാണ് ജിയോളജിസ്റ്റുകൾക്ക് പറഞ്ഞുകൊടുത്തത്.

ഇദ്ദേഹം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഖനനത്തിലാണ് ആദ്യ എണ്ണക്കിണർ കണ്ടെത്തിയത്. സഊദിയിൽ എണ്ണ ശേഖരം തേടി അമേരിക്കൻ കമ്പനി നടത്തിയ അഞ്ചു വർഷം നീണ്ട അന്വേഷണങ്ങൾ നിഷ്ഫലമായതോടെ സഊദിയിൽ എണ്ണ പര്യവേക്ഷണം നിർത്തിവെക്കുന്നതായി കമ്പനി അറിയിച്ചു. ഔദ്യോഗികമായി പ്രവർത്തനം അവസാനിപ്പിക്കുന്നതിനു തൊട്ടുമുമ്പാണ് ഖമീസ് ബിൻ റിംഥാനും അമേരിക്കൻ ജിയോളജിസ്റ്റ് മാക്‌സ് സ്റ്റൈൻകിയും സഊദിയിൽ ആദ്യത്തെ എണ്ണക്കിണർ കണ്ടെത്തിയത്. 1938 മാർച്ച് നാലിനായിരുന്നു അത്. ദമാം ഏഴാം നമ്പർ കിണർ എന്ന് പേരിട്ട ഈ എണ്ണക്കിണറിന് നന്മയുടെ കിണർ എന്ന് പിന്നീട് അബ്ദുല്ല രാജാവ് നാമകരണം ചെയ്തു. 1441 മീറ്റർ താഴ്ചയിലാണ് എണ്ണ ശേഖരം കണ്ടെത്തിയത്.

സഊദി സമ്പദ്‌വ്യവസ്ഥയിലും സാമൂഹിക ജീവിതത്തിലും വലിയ കുതിച്ചുചാട്ടത്തിന് സഹായിച്ച ചരിത്ര സംഭവമായിരുന്നു ഇത്. ഖമീസ് ബിൻ റിംഥാന്റെ സഹായത്തോടെ ഇതേ സംഘം പിന്നീട് സഊദിയിൽ നിരവധി സ്ഥലങ്ങളിൽ എണ്ണ ശേഖരം കണ്ടെത്തി. ജുബൈലിലെ അൽമാദി ഡിസ്ട്രിക്ടിലാണ് ഖമീസ് ബിൻ റിംഥാന്റെ ജനനം. സഊദി അറാംകൊയിൽ സേവനമനുഷ്ഠിക്കവെ കാൻസർ ബാധിതനായി 1959 ജൂൺ 21 ന് ഞായറാഴ്ചയാണ് ദഹ്‌റാൻ സഊദി അറാംകൊ ആശുപത്രിയിൽ വെച്ച് ഖമീസ് ബിൻ റിംഥാൻ അന്ത്യശ്വാസം വലിച്ചത്.

1933 ലാണ് സഊദി അറേബ്യ എണ്ണ പര്യവേക്ഷണത്തിന് അമേരിക്കയിലെ സ്റ്റാൻഡേർഡ് ഓയിൽ ഓഫ് കാലിഫോർണിയ എന്ന കമ്പനിക്ക് അനുമതി നൽകിയത്. ഇതിെൻറ കീഴിലാണ് കാലിഫോർണിയ അറേബ്യ സ്റ്റാൻഡേർഡ് ഓയിൽ കമ്പനി രൂപവത്കരിച്ചത്. അത് പിന്നീട് അരാംകോ ആയി.