ബുറൈദ: വിപണിയിലെ അന്യായമായ രീതികളും പ്രവാസികൾ വിദേശത്തേക്ക് വൻതോതിൽ പണം കൈമാറ്റം ചെയ്യുന്നതും ബിനാമി ബിസിനസ് കാരണമായെന്ന് തിരിച്ചറിഞ്ഞതായി വാണിജ്യ മന്ത്രാലയം വക്താവ് അബ്ദു റഹ്മാൻ അൽ ഹുസൈൻ പറഞ്ഞു. ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അൽഖസിം അമീർ ഫൈസൽ ബിൻ മിശാൽ ബിൻ സഊദ് രാജകുമാരൻ അൽ തൗഹിദ് പാലസിൽ നടത്തിയ പ്രതിവാര സെഷനിലാണ് മന്ത്രാലയ വക്താവ് ഇക്കാര്യം വെളിപ്പെടുത്തിയത്. “വാണിജ്യ മൂടിവെക്കലും സമ്പദ്‌വ്യവസ്ഥയിലും ദേശീയ സുരക്ഷയിലും അതിന്റെ സ്വാധീനവും” എന്നതായിരുന്നു ഈ ആഴ്‌ചയിലെ സെഷന്റെ തലക്കെട്ട്
വാണിജ്യപരമായ മൂടിവെക്കൽ എന്ന പ്രതിഭാസത്തിന് അറുതി വരുത്തുന്നതിന് കൂട്ടായ പരിശ്രമത്തിന്റെയും സഹകരണത്തിന്റെയും ആവശ്യകത ചടങ്ങിൽ സംസാരിച്ച ഫൈസൽ രാജകുമാരൻ അടിവരയിട്ടു. “മൂടിവെക്കൽ ചെറുക്കുന്നതിൽ എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കും, സർക്കാർ ഏജൻസികൾ അതിനെ ചെറുക്കുന്നതിനും രാജ്യത്തെ യുവതി യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും നല്ല ഫലങ്ങൾ കൊണ്ടുവരുമെന്നും അമീർ പറഞ്ഞു.
വാണിജ്യപരമായ മൂടിവെക്കൽ സഊദികൾ അല്ലാത്തവരെ അവരുടെ സ്വന്തം നേട്ടത്തിനായി ലൈസൻസില്ലാത്ത സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുന്നുവെന്ന് അൽ ഹുസൈൻ തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. പുരുഷന്മാർക്കും സ്ത്രീകൾക്കും തൊഴിൽ അവസരങ്ങൾ കുറയുന്നതിന് കാരണം വാണിജ്യപരമായ മറച്ചുവെക്കൽ പ്രവർത്തനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
നിയമലംഘകർക്ക് 5 മില്യൺ റിയാൽ വരെ പിഴയും അഞ്ച് വർഷം വരെ തടവും ഉൾപ്പെടെയുള്ള കർശനമായ ശിക്ഷകൾ നൽകാനും ബിനാമി ബിസിനസിനെതിരെ പോരാടുന്നതിനുള്ള ദേശീയ പരിപാടിയുടെ ഭാഗമായ പുതിയ നിയമത്തിൽ വ്യവസ്ഥകളുണ്ടെന്നും വക്താവ് പറഞ്ഞു.
ചടങ്ങിൽ ഈ മേഖലയിലെ പോരാട്ടത്തിലെ പ്രധാന നേട്ടങ്ങളെ കേന്ദ്രീകരിക്കുന്ന ഡോക്യുമെന്ററി ഫിലിം പ്രദർശിപ്പിച്ചു. മേഖലയിലെ ബിനാമി ബിസിനസുമായി ബന്ധപ്പെട്ട് വരുത്തിയ തിരുത്തലുകളുടെ ഫലമായി 40 മില്യണിലധികം വാർഷിക വരുമാനം നേടാനും 100 ലധികം നിയമലംഘന കേസുകൾ പ്രോസിക്യൂഷന് കൈമാറാനും സാധിച്ചു. ബിനാമി ബിസിനസിനെതിരെ കർശനമായി നടപടികളാണ് സഊദി അറേബ്യ നടപ്പിലാക്കുന്നത്. നേരത്തെ ഇത് ശരിയാക്കാൻ മാസങ്ങളോളം സമയം നൽകിയിരുന്നു. ഇതിന് ശേഷമാണ് നടപടി.
