സന്ദർശക വിസക്കാർക്ക് ആശ്വസിക്കാം, മൾട്ടിപ്പിൾ സന്ദർശന വിസ പുതുക്കൽ പുനഃരാരംഭിച്ചു

മൾട്ടിപ്പിൾ വിസ പുതുക്കുന്നതിലെ സാങ്കേതിക പ്രശ്നം ചൊവ്വാഴ്ച വൈകീട്ടോടെ പരിഹരിക്കുകയായിരുന്നു

0
8032

സാങ്കേതിക പ്രശ്നമാണ് വിസ പുതുക്കൽ നടപടി നിലക്കാൻ കാരണമെന്നാണ് വ്യക്തമാകുന്നത്

റിയാദ്: മൾട്ടിപ്പിൾ സന്ദർശക വിസ പുതുക്കുന്നതിനുള്ള പ്രശ്നം പരിഹരിച്ചു. കഴിഞ്ഞ ദിവസം മുതൽ ഉടലെടുത്ത മൾട്ടിപ്പിൾ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഇതോടെ അവസാനിച്ചു. അബ്ഷിർ സംവിധാനത്തിൽ അപ്ഡേറ്റ് സമയത്ത് വന്ന പിഴവ് മൂലമാണ് മൾട്ടിപ്പിൾ വിസ പുതുക്കുന്നത് തടസപ്പെട്ടിരുന്നതെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ചൊവ്വാഴ്ച രാത്രിയോടെ വീണ്ടും മൾട്ടിപ്പിൾ വിസ പഴയത് പോലെ പുതുക്കിതുടങ്ങി. ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങൾക്കാണ് ഇതോടെ ആശ്വാസമായത്.

കഴിഞ്ഞ ദിവസം മുതലാണ് മൾട്ടിപ്പിൾ സന്ദർശക വിസ പുതുക്കാൻ കഴിയില്ലെന്ന സന്ദേശം പ്രചരിച്ചിരു‍ന്നത്. ഇക്കാര്യത്തോടൊപ്പം ഇതിനുള്ള ബദൽ മാർഗവും മലയാളംപ്രസ്സ് തിങ്കളാഴ്ച രാവിലെ റിപ്പോർട്ട് ചെയ്തിരുന്നു. സിംഗിൾ എൻട്രി വിസ മാത്രമേ പുതുക്കാൻ സാധിക്കൂവെന്ന് വിസ പുതുക്കൽ മാനദണ്ഡത്തിൽ ഉൾപ്പെടുത്തുകയും ചെയ്തതോടെ മൾട്ടിപ്പിൾ വിസക്കാർക്ക് ഇനി മൂന്ന് മാസം കഴിഞ്ഞാൽ സഊദിക്ക് പുറത്തേക്ക് പോകണമെന്ന് വ്യക്തമായിരുന്നു. എന്നാൽ, ഇതിന് ബദൽ മാർഗ്ഗം എന്ന നിലക്ക് അബ്ഷിർ സംവിധാനത്തിലെ തവാസ്സുൽ സംവിധാനം വഴിയും ജവാസാത്തിൽ നേരിട്ടും പുതുക്കാൻ സാധിച്ചിരുന്നു. എന്നാൽ, തവാസുൽ സംവിധാനം വഴി 14 ദിവസം മാത്രമേ കിട്ടിയിരുന്നുള്ളൂ എന്നതും ഇതിനിടെ ജവാസാത്തിൽ നേരിട്ട് പോയവരുടേത് പുതുക്കുന്നത് നിർത്തി വെച്ചതും വീണ്ടും നിരാശ നൽകുന്നതായിരുന്നു.

എന്നാൽ, ജവാസാത്തിൽ നേരിട്ട സാങ്കേതിക തടസത്തെ തുടർന്ന് മുടങ്ങിയതാണ് മൾട്ടിപ്പിൾ സന്ദർശക വിസ പുതുക്കുന്നതുമായ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. നേരത്തെ ഉൾപ്പെടുത്തിയിരുന്ന സിംഗിൾ എൻട്രി വിസ മാത്രമേ പുതുക്കാൻ പറ്റൂ എന്നത് പുതുക്കൽ മാനദണ്ഡത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയോടെ തന്നെ നിരവധി മലയാളി പ്രവാസികൾ തങ്ങളുടെ ആശ്രിതരുടെ മൾട്ടിപ്ൾ റീ എൻട്രി വിസ പഴയ സംവിധാനം വഴി പുതുക്കി. പ്രശ്ന പരിഹാരം ആയതോടെ പ്രവാസികളുടെ മൾട്ടിപ്പിൾ കുടുബ സന്ദർശനം പഴയ പടി പോലെ തന്നെ തുടരാനാകും.

മൾട്ടിപ്പിൽ വിസിറ്റ് വിസ പുതുക്കാൻ കഴിയാതെ പ്രവാസികൾ, സിംഗിൾ മാത്രമേ പുതുക്കാൻ കഴിയൂ എന്ന് അബ്ഷിർ