റിയാദ്: സഊദിയിൽ സന്ദർശക വിസയിൽ എത്തിയ കുടുംബങ്ങൾ കാലാവധി തീർന്നവർ പുതുക്കാനാകാതെ പ്രതിസന്ധിയിൽ. ഇവർ പുതുക്കാൻ നേരത്ത് ശ്രമിച്ചപ്പോഴാണ് പുതുക്കാൻ കഴിയാതെ പ്രശ്നം നേരിടുന്നത്. കഴിഞ്ഞ ദിവസം മുതൽ പുതുക്കാൻ ശ്രമിച്ചവർക്ക് error മെസേജ് ആണ് ലഭിച്ചത്. താത്കാലിക പ്രതിസന്ധി മാത്രമായിരിക്കും ഇതെന്നും പിന്നീട് മാറുമെന്നും കരുതിയെങ്കിലും നിരാശയായിരുന്നു ഫലം. ഇപ്പോൾ അബ്‌ഷീർ വഴി നേരിട്ട് സന്ദർശക വിസ പുതുക്കാൻ കഴിയില്ലെന്നും ജവാസാതിനെ സമീപിക്കണമെന്നുമാണ് അനുഭവസ്ഥർ പറയുന്നത്.
ഇത് വരെ മൾട്ടിപ്പിൽ വിസിറ്റ് വിസക്കാർക്ക് ആദ്യ മൂന്ന് മാസം കഴിഞ്ഞാൽ അടുത്ത മൂന്ന് മാസത്തേക്ക് കൂടി അബ്‌ഷീർ മുഖേന ഓൺലൈൻ വഴി പുതുക്കാമായിരുന്നു. ഇൻഷുറൻസ് എടുത്ത് പുതുക്കാനുള്ള ഫീസും അടച്ചാൽ അബ്‌ഷീർ വഴി രണ്ട് ക്ലിക്കിൽ അടുത്ത മൂന്ന് മാസത്തേക്ക് കൂടി പുതുക്കാൻ സാധിച്ചിരുന്നു. ഇതാണ് ഇപ്പോൾ സാധിക്കാതിരിക്കുന്നത്. പണമടച്ച് വിസിറ്റ് വിസാ കാലാവധി അബ്ഷിർ വഴി പുതുക്കാൻ ശ്രമിക്കുമ്പോൾ മൾട്ടി വിസിറ്റ് വിസ കാലാവധി പുതുക്കാൻ സാധിക്കില്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്.
എന്നാൽ, ഇത് സംബന്ധിച്ച് അബ്ഷിറുമായി ബന്ധപ്പെട്ടപ്പോൾ അപോയിന്റ്മെന്റ് ബുക്ക് ചെയ്ത് ജവാസാത്തുമായി നേരിട്ട് ബന്ധപ്പെടണമെന്ന അറിയിപ്പാണു ലഭിക്കുന്നത്. എന്നാൽ, അബ്ഷിറിലെ തവാസുൽ വഴി നീട്ടാനുള്ള അപേക്ഷ നൽകിയവർക്ക് ഓട്ടോമാറ്റിക് ആയി 14 ദിവസത്തേക്ക് മാത്രമാണ് പുതുക്കി ലഭിച്ചത്. ഇനി അവർക്ക് പുതുക്കാനും പറ്റില്ലത്രേ.
എന്നാൽ, തവാസുൽ വഴി അപേക്ഷ നൽകി അതിന്റെ പ്രിന്റ് ഔട്ടുമാറ്റി സമീപത്തെ ജവാസാതുമായി ബന്ധപ്പെട്ടവർക്ക് മൂന്ന് മാസത്തേക്ക് പുതുക്കി ലഭിക്കുമെന്നും അനുഭവസ്ഥർ പറയുന്നു. അതിനാൽ, തവാസുൽ വഴി അപേക്ഷ നൽകി പുതുങ്ങുന്നത് കാത്തിരിക്കാതെ അതിന്റെ പ്രിൻറൗട്ട് എടുത്ത് അടുത്തുള്ള ജവാസാതിനെ സമീപിക്കുന്നതാണ് അഭികാമ്യമെന്ന് അനുഭവസ്ഥർ പറയുന്നു.
അതേസമയം, അബ്‌ഷീറിൽ സന്ദർശക വിസ പുതുക്കുന്നതിനുള്ള നിബന്ധനകളിൽ സിംഗിൾ വിസ മാത്രമേ പുതുക്കാൻ സാധിക്കൂവെന്ന് ചേർത്തിട്ടുണ്ട്. മൾട്ടിപ്പിൽ സന്ദർശക വിസ എടുത്തവർക്ക് ഇത് തിരിച്ചടി നൽകുമെന്നാണ് കരുതുന്നത്. ഇപ്പോൾ ജവാസാതുമായി ബന്ധപ്പെട്ട് പുതുക്കി ലഭിക്കുന്നത് കൂടി നിൽക്കുമെന്നാണ് അബ്‌ഷീർ അപ്‌ഡേറ്റിൽ നിന്ന് മനസ്സിലാകുന്നത്. മൾട്ടിപ്പിൽ എടുത്തവർ നിശ്ചിത കാലാവധിക്ക് ശേഷം നിർബന്ധമായും സഊദിക്ക് പുറത്ത് പോയി തിരിച്ചെത്തേണ്ടി വരും.