ദമാം: ബഹ്‌റൈൻ – സഊദി രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയിൽ നേരിട്ട് പണം സ്വീകരിക്കുന്നതിനു പകരം ഓൺലൈൻ പേയ്‌മെന്റ് സംവിധാനം ഒരുക്കുന്നു. കിംഗ് ഫഹദ് കോസ്‌വേയിലേക്ക് പ്രവേശിക്കുന്നതിന് ടോൾ ഗേറ്റുകളിൽ വാഹനങ്ങൾ കടന്നുപോകുന്ന പ്രക്രിയ സുഗമമാക്കുന്നതിനാണ് വൈവിധ്യമാർന്ന പേയ്‌മെന്റ് സംവിധാനങ്ങൾ ആരംഭിച്ചിരിക്കുന്നത്.
സഊദി ബാങ്ക് കാർഡ് ഉടമകൾക്ക് ബഹ്‌റൈൻ ഭാഗത്ത് വരുന്ന ഫീസുകളും ബഹ്‌റൈൻ ബാങ്ക് കാർഡ് ഉടമകൾക്ക് സഊദി ഭാഗത്തുള്ള ഫീസുകളും നൽകി ഇത്തരത്തിൽ ഈ സേവനം പൂർണ്ണമായി ഉപയോഗിക്കാൻ കഴിയുമെന്ന് സ്ഥാപനം വിശദീകരിച്ചു.
നൽകുന്ന സേവനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, യാത്രക്കാരുടെ യാത്രാ സമയം കുറയ്ക്കുക, ആധുനിക ഇലക്ട്രോണിക് സാങ്കേതികവിദ്യകൾ സ്വീകരിക്കുക, പ്രവേശന കവാടങ്ങളിലൂടെയുള്ള ഗതാഗതം സുഗമമാക്കുക എന്നിവയാണ് ഈ സേവനം ലക്ഷ്യമിടുന്നതെന്ന് കിംഗ് ഫഹദ് കോസ്‌വേ ജനറൽ കോർപ്പറേഷൻ സൂചിപ്പിച്ചു. സഊദിയിൽ നിന്നുള്ളവർക്ക് മദ കാർഡ്, എസ് ടി സി പേ എന്നിവ ഉപയോഗിച്ച് ഇടപാടുകൾ പൂർത്തീകരിക്കാനാകും.
കിംഗ് ഫഹദ് കോസ്‌വേ ജനറൽ കോർപ്പറേഷൻ കണക്കുകൾ പ്രകാരം 2021 ൽ കോസ്‌വേ കടന്ന മൊത്തം വാഹനങ്ങളുടെ എണ്ണം 4.9 ദശലക്ഷം വാഹനങ്ങൾ കവിഞ്ഞു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കാൻ ഒരു വാഹനത്തിന് ശരാശരി 20 മിനിറ്റ് സമയമാണ് എടുത്തത്.
