റിയാദ്: മൂന്ന് പതിറ്റാണ്ട് മുമ്പ് തകർന്ന സഊദി – തായ്‌ലൻഡ് ബന്ധം വീണ്ടും പുനഃസ്ഥാപിച്ചു. തായ് പ്രധാനമന്ത്രിയുടെ റിയാദ് സന്ദർശനത്തോടെയാണ് 1989 ലെ കൊട്ടാര മോഷണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നം അവസാനിക്കുകയും ഇരു രാജ്യങ്ങളും തമ്മിൽ ബന്ധം പഴയ നിലയിലേക്ക് നീങ്ങുകയും ചെയ്തത്. സഊദി–തായ്‌ലൻഡ് നയതന്ത്ര ബന്ധവും വിച്ഛേദിക്കപ്പെട്ടു മൂന്നു പതിറ്റാണ്ടു കാലത്തെ പ്രശ്നങ്ങളെല്ലാം അവസാനിച്ചത് ഇക്കഴിഞ്ഞ ജനുവരി 26 നായിരുന്നു. തായ് പ്രധാനമന്ത്രി പ്രയുഥ് ചാൻ–ഓച സഊദി സന്ദർശനത്തോടെയായിരുന്നിത്. തായ്‌ലൻഡുമായി എല്ലാ നയതന്ത്ര ബന്ധങ്ങളും പുനഃസ്ഥാപിക്കാൻ സഊദി തീരുമാനിക്കുകയായിരുന്നു. റിയാദിൽനിന്ന് തായ് തലസ്ഥാനമായ ബാങ്കോക്കിലേക്കു നേരിട്ട് ഫ്ലൈറ്റ് സർവീസ് നടത്തുമെന്ന് സഊദി അറേബ്യൻ എയർലൈൻസും അറിയിച്ചു.
എന്താണ് അന്ന് സംഭവിച്ചത്?
1989 ൽ സഊദി കൊട്ടാരത്തിൽ ജോലി ചെയ്തിരുന്ന ഒരു തായ് തൊഴിലാളി 90 കിലോ ആഭരണങ്ങളും പണവും സ്വദേശത്തേക്ക് കടത്തിയതായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ബന്ധങ്ങൾ തകരാൻ കാരണം.
രണ്ടു ലക്ഷത്തിലേറെ തായ്‌ലൻഡ് സ്വദേശികളായിരുന്നു അക്കാലത്ത് സഊദി അറേബ്യയിൽ ജോലി ചെയ്തിരുന്നത്. 1991 ആയപ്പോഴേക്കും, സഊദിയിൽ ജോലി ചെയ്യുന്ന തായ് സ്വദേശികളുടെ എണ്ണം പതിനായിരത്തിലേക്കു താഴ്‌ന്നു. തായ്‌ലൻഡിൽനിന്നുള്ളവരിൽ ഭൂരിപക്ഷം പേർക്കും സ്വന്തം രാജ്യത്തേക്കു മടങ്ങേണ്ടി വന്നു. 1989 ൽ കൊട്ടാര ഉടമകൾ വിദേശത്തായിരുന്ന സമയത്ത് അന്നത്തെ രണ്ട് കോടി ഡോളർ വിലയുള്ള ആഭരണങ്ങൾ പല ഘട്ടങ്ങളായാണു തായ് തൊഴിലാളി സ്വദേശത്തേക്ക് കടത്തിയത്.
അതീവ സുരക്ഷയുള്ള കൊട്ടാരത്തിലെ മോഷണം
സഊദി രാജാവ് ഫഹദ് ബിൻ അബ്ദുൽ അസീസ് അൽ സഊദിന്റെ മൂത്തമകൻ ഫൈസൽ രാജകുമാരന്റെ കൊട്ടാരത്തിലെ തോട്ടക്കാരനായിരുന്ന തായ്‌ലൻഡ് സ്വദേശിയായ ക്രിയാങ്‌ക്രൈ ടിച്ചമോങ് ആണ് സംഭവത്തിന് പിന്നിൽ. 1989ൽ, മൂന്നു മാസത്തേക്ക് ഫൈസൽ രാജകുമാരനും കുടുംബവും അവധിക്കാലയ യാത്രയ്ക്കു പോയി. ഉടമകൾ തിരിച്ചെത്തിയപ്പോൾ ആഭരണവും പണവും നഷ്ടപ്പെട്ട വിവരം അറിയുകയും പോലീസിനെ അറിയിക്കുകയും പോലീസ് നാട്ടിലായിരുന്ന തൊഴിലാളിയെ അറസ്റ്റ് ചെയ്യാൻ തായ് സുരക്ഷാ വകുപ്പുമായി ബന്ധപ്പെടുകയും അവർ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യ ചെയ്യലിൽ കുറ്റക്കാരനായ തൊഴിലാളി നാട്ടിൽ സ്വർണ്ണം വില്പന നടത്തിയ ആളുകളെക്കുറിച്ച് വിവരം അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകുകയും തൊഴിലാളിയെ തായ് കോടതി അഞ്ച് വർഷത്തേക്ക് ശിക്ഷിക്കുകയും ചെയ്തു. തോട്ടക്കാരനായിരുന്നെങ്കിലും കൊട്ടാരം വൃത്തിയാക്കലായിരുന്നു അയാളുടെ പ്രധാന ജോലി. അതിനാൽത്തന്നെ കൊട്ടാരത്തിന്റെ അകവും പുറവും കൈവെള്ളയിലെന്ന പോലെ പരിചിതം. ഇതായിരുന്നു കളവിന് പ്രേരിതമായത്.
തായ്‌ലൻഡിലെത്തുന്ന ഓരോ കാർഗോയും തുറന്നു പരിശോധിച്ചു മാത്രമേ കസ്റ്റംസ് വിഭാഗം ഉടമസ്ഥർക്കു കൈമാറിയിരുന്നുള്ളൂവെന്നതിനാൽ ടിച്ചമോങ് തന്റെ ബുദ്ധി പ്രയോഗിച്ചു കാര്യം നേടുകയായിരുന്നു. ഒരു കെട്ട് നോട്ടും അതോടൊപ്പം ഒരു കുറിപ്പും കാർഗോ തുറക്കുമ്പോൾതന്നെ കാണാവുന്ന വിധത്തിൽ വച്ചു. കാർഗോയിൽ പോണോഗ്രാഫിക് കസെറ്റും മറ്റുമാണെന്നും ദയവായി പരിശോധിക്കരുതെന്നുമായിരുന്നു കുറിപ്പ്. ആ പണം കൈപ്പറ്റി കസ്റ്റംസ് കാർഗോ ടിച്ചമോങ്ങിനു വിട്ടുകൊടുക്കുകയും ചെയ്തു. കോടികൾ വില വരുന്ന ആഭരണങ്ങളിൽ പലതും നിസ്സാര വിലയ്ക്കായിരുന്നു അയാൾ വിറ്റത്. വിൽക്കാതെയും ചിലത് ബാക്കിയുണ്ടായിരുന്നു. അവയും പൊലീസിനു കൈമാറി. ശാന്തി സീതാനകൻ എന്ന വ്യാപാരിക്കു വിറ്റവയിൽ പലതും തിരിച്ചെടുക്കാനും സഹായിച്ചു. 1990 ജനുവരിയിലായിരുന്നു ടിച്ചമോങ്ങിന്റെ അറസ്റ്റ്.
ബ്ലൂ ഡയമണ്ടും വ്യാജ ആഭരണങ്ങളും
തായ് സുരക്ഷാ ഉദ്യോഗസ്ഥർ തൊഴിലാളിയിൽ നിന്ന് കണ്ടെടുത്ത ആഭരണവും വില്പന നടത്തിയത് വീണ്ടെടുത്തതിൽ നിന്നുള്ള ഭാഗവും റിയാദിലേക്ക് തന്നെ തിരിച്ചയച്ചു. എന്നാൽ അവ വ്യാജ ആഭരണങ്ങളായിരുന്നുവെന്ന് പിന്നീട് വ്യക്തമാകുകയായിരുന്നു. അപൂർവ്വ ഇനത്തിൽ പെട്ട ബ്ളൂഡയമണ്ട് അടക്കം നഷ്ടപ്പെട്ടവയിൽ ഉൾപ്പെട്ടിരുന്നു. തിരികെ വ്യാജ ആഭരണങ്ങളാണു അയച്ചതെന്നതിനാൽ ഇതിൽ തായ് അന്വേഷണ ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് വ്യക്തമായിരുന്നു.
വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കുന്നതിനാൽത്തന്നെ പല പത്രങ്ങളും ആ ചിത്രങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ആ ചിത്രങ്ങളിലെ ആഭരണങ്ങൾക്കാകട്ടെ സഊദിയിൽനിന്നു കാണാതായ ആഭരണങ്ങളുമായി അസാധാരണ സാമ്യവും! മാത്രവുമല്ല, ഏകദേശം 50 കാരറ്റ് വരുന്ന, ഒരു മുട്ടയോളം വലുപ്പമുള്ള നീല രത്നക്കല്ല് എവിടെപ്പോയെന്ന ചോദ്യവും ഉയർന്നു. ലോകത്തിലെ ഏറ്റവും അപൂർവവും വിലയേറിയതുമാണ് നീല നിറത്തിലുള്ള രത്നം. ഭൂമിയുടെ ഉപരിതലത്തിൽനിന്ന് ഏകദേശം 600 കിലോമീറ്റർ താഴെയാണ് അത്തരം രത്നം രൂപംകൊള്ളുന്നത്. ബോറോൺ മൂലകത്തിന്റെ സാന്നിധ്യമാണ് അവയ്ക്ക് നീലനിറം നൽകുന്നത്.
കൊലപാതക പരമ്പര
കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ നിരീക്ഷിക്കാൻ സഊദി എംബസിയിലെ ഉദ്യോഗസ്ഥരെ നിയമിക്കുകയും ഈ ഉദ്യോഗസ്ഥരും അവരുമായി സഹകരിച്ചവരുമെല്ലാം പല ഘട്ടങ്ങളായി കൊല്ലപ്പെടുകയും ചെയ്തു. അതോടൊപ്പം സ്വന്തം നിലയിൽ അന്വേഷണം നടത്തിയ മുഹമ്മദ് ബിൻ ഗാനിം റുവൈലിയെന്ന സഊദി വ്യവസായിയും ബാങ്കോക്കിൽ വെച്ച് കൊല്ലപ്പെട്ടു. ആഭരണക്കവർച്ചയിൽ പങ്കുള്ള തായ് പോലീസ് ഉന്നത ഉദ്യോഗസ്ഥർ റുവൈലിയുടെ ഫോൺ കാൾ ചോർത്തിയതിനു പിറകെയായിരുന്നു അദ്ദേഹം കൊല്ലപ്പെടുന്നത്. അദ്ദേഹത്തിനു നേരത്തെ കൊല്ലപ്പെട്ട സഊദി നയതന്ത്ര ഉദ്യോഗസ്ഥരുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമായിരുന്നു എന്നാണു റിപ്പോർട്ട്.
കൊലപാതക പരമ്പരകൾ അരങ്ങേറിയതോടെ തായ്ലാൻ്റുകാർക്ക് വിസ നൽകുന്നത് സഊദി നിർത്തി വെച്ചു. സഊദിയിലെ തായ് തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. സഊദികളുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥനു സ്ഥാനക്കയറ്റം നൽകാൻ തായ് ഗവണ്‌മൻ്റ് തീരുമാനിക്കുകയും അത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ തകരാൻ കാരണമാകുകയും ചെയ്തു.
ശേഷം സഊദിയുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ഉദ്യോഗസ്ഥനു സ്ഥാനക്കയറ്റം നൽകാനുള്ള നടപടി തായ് സർക്കാർ മരവിപ്പിച്ചു. അതേ സമയം റുവൈലിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തെളിവില്ലാത്തതിനാൽ വിചാരണ ചെയ്യാൻ സാധിക്കില്ലെന്ന് കോടതി പ്രസ്താവിച്ചു. ആഭരണക്കേസിൽ പങ്കുള്ള മറ്റു ഉദ്യോഗസ്ഥരെയും മതിയായ തെളിവില്ലാത്തതിനാൽ തായ് കോടതി ശിക്ഷിച്ചില്ല. തായ് അധികൃതരുടെ സമീപനത്തിനെതിരെ സഊദി വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ആഭരണക്കേസിൽ ഭാഗമായ തായ് പോലീസ് മേധാവിയാണു അന്വേഷണ ഗതി തിരിച്ച് വിട്ടതെന്ന് റിപ്പോർട്ടുകളുണ്ടായിരുനു. സഊദി–തായ് ബന്ധം ഉലഞ്ഞതിന്റെ ഇരുപതാം വർഷത്തിലായിരുന്നു അൽ–റുവൈലിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് വീണ്ടും അന്വേഷിച്ചത്.
വിചാരണയും തടവും
ഒടുവിൽ അഞ്ച് പൊലീസുകാരെ കസ്റ്റഡിയിലെടുത്ത് കോടതി വിചാരണയും ചെയ്തു. എന്നാൽ തെളിവുകളില്ലാത്തതിനെത്തുടർന്ന് 2019ൽ അഞ്ചു പേരെയും വിട്ടയച്ചു. 150 കോടിയോളം രൂപ മൂല്യം വരുന്ന മോഷണക്കേസുകളിൽ ഇതുവരെ ജയിൽ ശിക്ഷ അനുഭവിച്ചത് ടിച്ചമോങ്ങും കെർത്തേസും ഏതാനും പൊലീസുകാരും മാത്രം. എല്ലാവരെയും പക്ഷേ വിട്ടയച്ചു.
പിന്നീട് തായ് ഗവണ്മെൻ്റ് സഊദി പൗരന്മാർ കൊല്ലപ്പെട്ട സംഭവങ്ങളിൽ ക്ഷമാപണം നടത്തുകയും പുതിയ തെളിവുകൾ ലഭ്യമാകുന്ന മുറക്ക് കേസിൽ പുനരന്വേഷണം നടത്തുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുകയായിരുന്നു.
തായ്‌ലൻഡിലേക്ക് ആദ്യ നേരിട്ടുള്ള ഫ്ലൈറ്റ് സർവ്വീസുമായി സഊദി എയർലൈൻസ്